സൗദി അറേബ്യയിലേക്ക് 24 മണിക്കൂറിനിടെ രണ്ടാമതും ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

By Web TeamFirst Published Sep 21, 2021, 9:05 PM IST
Highlights

ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹൂതികള്‍ രണ്ടു ഡ്രോണുകള്‍ തൊടുത്തുവിട്ടത്.

റിയാദ്: സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കോൺട്രോൾഡ് ബോട്ട് ഉപയോഗിച്ച് ആക്രമണ നീക്കം നടത്തി 24 മണിക്കൂറിനിടെ വീണ്ടും സൗദിക്ക് നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണം ശ്രമം. സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ (ഡ്രോൺ) ഉപയോഗിച്ച് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് ആക്രമണശ്രമം നടത്തിയത്. എന്നാൽ സൗദി സഖ്യസേന ആക്രമണത്തെ പരാജയപ്പെടുത്തി. 

ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹൂതികള്‍ രണ്ടു ഡ്രോണുകള്‍ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോണുകള്‍ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം അവസാന നിമിഷത്തില്‍ സഖ്യസേന പരാജയപ്പെടുത്തുകയായിരുന്നു. 

ആക്രമണത്തിന് തയാറാക്കിയ സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ യെമനിലെ അല്‍സലീഫില്‍ വെച്ച് സഖ്യസേന തകര്‍ക്കുകയായിരുന്നു. ബാബല്‍മന്ദബ് കടലിടുക്കിലും ചെങ്കടിന് തെക്കു ഭാഗത്തും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂതി വിമതര്‍ തുടരുകയാണ്. അല്‍ഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തി സ്റ്റോക്ക്‌ഹോം സമാധാന കരാര്‍ ഹൂതികള്‍ ലംഘിക്കുകയാണെന്നും സഖ്യസേന പറഞ്ഞു.

click me!