സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം പ്രാബല്യത്തില്‍; പരിശോധന ശക്തം

By Web TeamFirst Published Nov 12, 2018, 5:02 PM IST
Highlights

ജനുവരിയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

റിയാദ്: സൗദിയിലെ  ഇലക്ട്രിക്, ഇലക്ട്രോണിക്സ് കടകള്‍ ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലെ സ്ഥാപനങ്ങളില്‍ സ്വദേശി വത്കരണം പ്രാബല്യത്തില്‍ വന്നു. വാച്ചുകള്‍, ക്ലോക്കുകള്‍ , കണ്ണട, റേഡിയോ, ടെലിവിഷന്‍, ഇലക്ട്രിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വദേശിവത്കരണം നടപ്പിലായത്.

ജനുവരിയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികള്‍ ഇലക്ട്രോണിക് വില്‍പ്പന മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ഭൂരിപക്ഷം സ്വദേശികളെ നിയമിക്കാതെ ഉടമകള്‍ക്ക് മറ്റ് നിര്‍വ്വാഹമില്ല. ഇതോടെ നിരവധിപ്പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.

സ്വദേശി വത്കരണം പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം മുതല്‍ ശക്തമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 2019 ജനുവരിയിലാണ് മൂന്നാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശി വത്കരിക്കപ്പെടുന്നത്.

click me!