ഗള്‍ഫിലെ വിമാന വിലക്ക്; നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി

By Web TeamFirst Published Dec 22, 2020, 7:19 PM IST
Highlights

ഒരാഴ്‍ചത്തേക്കാണ് സൗദി അറേബ്യ വിമാന വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇത് ദീര്‍ഘിപ്പിക്കാനുള്ള സാധ്യതയും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി ആദ്യം മുതല്‍ സൗദി അറേബ്യ സാധാരണ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. 

ദുബൈ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദി അറേബ്യ വീണ്ടും വിമാന വിലക്ക് പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി. ഇന്ത്യയില്‍ നിന്ന് നേരിട്ട് സാധാരണ വിമാന സര്‍വീസുകളില്ലാത്തതിനാല്‍ യുഎഇയില്‍ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പോകാന്‍ പുറപ്പെട്ടവരാണ് ഇങ്ങനെ പാതിവഴിയിലായത്.

ഒരാഴ്‍ചത്തേക്കാണ് സൗദി അറേബ്യ വിമാന വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇത് ദീര്‍ഘിപ്പിക്കാനുള്ള സാധ്യതയും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി ആദ്യം മുതല്‍ സൗദി അറേബ്യ സാധാരണ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇതനുസരിച്ച് യാത്ര ക്രമീകരിച്ചവരും നാട്ടിലേക്ക് മടങ്ങിയവരുമൊക്കെ ഇപ്പോള്‍ ആശങ്കയിലാണ്.

അധിക ചെലവുകള്‍ ഉള്‍പ്പെടെ വഹിച്ച് യുഎഇയില്‍ രണ്ടാഴ്‍ച താമസിച്ച് സൗദി അറേബ്യയിലേക്ക് പോകാനിരുന്നവര്‍ വിലക്ക് എത്ര ദിവസം നീളുമെന്നറിയാന്‍ കാത്തിരിക്കുകയാണ്. യുഎഇയില്‍ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പോകേണ്ടിയിരുന്ന ദിവസം വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടവരുമുണ്ട്. ഫാമിലെ വിസയില്‍ സൗദിയിലേക്ക് വരാനിരുന്ന സ്‍ത്രീകളടക്കമുള്ളവരും ഇങ്ങനെ യുഎഇല്‍ തുടരുകയാണ്. 

പല ട്രാവല്‍ ഏജന്‍സികളും ഇത്തരത്തില്‍ യുഎഇ വഴിയുള്ള പാക്കേജ് പ്രഖ്യാപിച്ച് സൗദിയിലേക്ക് കൊണ്ടുപോകാനായി ആളുകളെ എത്തിച്ചിട്ടുണ്ട്. നിശ്ചിത ദിവസത്തെ താമസ പരിധി കഴിയുമ്പോള്‍ ഇവരുടെ കാര്യവും പ്രയാസത്തിലാവും. അതേസമയം വിമാന വിലക്ക് കാരണം വഴിയില്‍ കുടുങ്ങിയവര്‍ക്ക് സഹായവുമായി യുഎഇയിലെ പ്രവാസി സംഘടനകള്‍ രംഗത്തുണ്ട്.

click me!