ബിസിനസിന്‍റെ തുടക്കകാലത്തെ ആ വലിയ തിരിച്ചടി, നിയമപോരാട്ടത്തിലുറച്ച് ഷാഹിന, കുടുങ്ങിയത് 20 വര്‍ഷമായി തട്ടിപ്പ് നടത്തിയ കുറ്റവാളി

Published : Aug 01, 2025, 03:20 PM IST
Moideenabba Ummer Beary, Shahina Shabeer

Synopsis

ബിസിനസിന്‍റെ തുടക്കകാലത്തേറ്റ തിരിച്ചടി വെറുതെ വിട്ടു കളയാന്‍ ഷാഹിന ഒരുക്കമല്ലായിരുന്നു. ധൈര്യപൂര്‍വ്വം നിയമ പോരാട്ടത്തിനിറങ്ങുകയായിരുന്നു. 

അബുദാബി: 20 വര്‍ഷത്തിലേറെയായി യുഎഇയില്‍ വ്യാജ കമ്പനികള്‍ സ്ഥാപിച്ച് വന്‍ തട്ടിപ്പ് നടത്തി വന്ന കര്‍ണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മര്‍ ബ്യാരിക്ക് നിയമക്കുരുക്ക്. ഒരു ഇന്ത്യന്‍ യുവതി നടത്തിയ നിയമപോരാട്ടമാണ് വലിയ വഴിത്തിരിവായത്. ഷാഹിന ഷബീര്‍ എന്ന ഇന്ത്യന്‍ യുവതിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ 52കാരനായ ബ്യാരി കുറ്റക്കാരനാണെന്ന് അടുത്തിടെ അജ്മാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടു.

വ്യാജ ചെക്ക് ഉപയോഗിച്ച് മൊയ്തീനബ്ബ ബ്യാരി, പെന്‍പാല്‍ ട്രേഡിങ് കമ്പനി ഉടമയായ ഷാഹിന ഷബീറിന്‍റെ കയ്യില്‍ നിന്നും 37,878 ദിര്‍ഹം തട്ടിയെടുത്തെന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. നാല് ദിവസത്തിന് ശേഷം ബ്യാരിയെ നാടുകടത്തുകയും ചെയ്തു. ഇന്ത്യയിലും കള്ളനോട്ട് കേസിലെ പ്രതിയാണ് ബ്യാരി. കഴിഞ്ഞ ജൂണിൽ ഷാഹിനയുടെ ഉടമസ്ഥതയിലുള്ള പെൻപാൽ ട്രേഡിങ് എന്ന സ്ഥാപനം മൊയ്തീനബ്ബ മുൻകൈയെടുത്ത് നടത്തിയിരുന്ന സെവൻ എമിറേറ്റ്സ് സ്പൈസസ് എന്ന സ്ഥാപനത്തിന് ഹോസ്പിറ്റാലിറ്റി സാധനങ്ങൾ നൽകിയിരുന്നു. ഷാഹിന തന്‍റെ ബിസിനസ് തുടങ്ങിയ സമയമായിരുന്നു അത്. അന്ന് അത്ര വലിയ തുക നഷ്ടമായത് തനിക്ക് വലിയ തിരിച്ചടിയായിരുന്നെന്ന് ഷാഹിന ഖലീജ് ടൈംസിനോട് പറഞ്ഞു. എന്നാല്‍ വെറുതെ അങ്ങ് വിട്ടു കളയാന്‍ താന്‍ തയ്യാറല്ലായിരുന്നെന്നും ഈ കേസ് ശരിയായ ആളുകൾ പരിശോധിക്കുകയാണെങ്കിൽ എന്തെങ്കിലും നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും ഷാഹിന പറഞ്ഞു. ഒരുപാട് പണം നഷ്ടപ്പെട്ട മറ്റ് ചിലരെല്ലാം കേസ് തുടർന്ന് നടത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് എന്നോട് പറഞ്ഞു. പക്ഷേ, ഈ രാജ്യത്തും ഇവിടുത്തെ നിയമവ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടായിരുന്നെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

മൊയ്തീനബ്ബയ്ക്ക് നിയമവ്യവസ്ഥയെ മറികടക്കാൻ അറിയാമായിരുന്നു. അയാൾക്ക് സ്വന്തമായി ഒരു കമ്പനി പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്ന് തൊഴിലില്ലാത്ത ആളുകളെയാണ് ഇയാൾ മുൻനിരയിൽ നിർത്തിയിരുന്നത്. പക്ഷേ, എന്നെ കണ്ടപ്പോൾ അയാൾ സ്വയം ഉടമസ്ഥനാണെന്ന് പരിചയപ്പെടുത്തി. ഇതാണ് അയാൾക്കെതിരെ തെളിവായി മാറിയത്- ഷാഹിന പറയുന്നു. പരാതി ലഭിച്ചയുടൻ ഗൗരവകരമായെടുത്ത് നടപടി സ്വീകരിച്ചതിന് അജ്മാൻ പൊലീസിന് ഷാഹിന നന്ദി പറഞ്ഞു. കേസ് ഈ ഘട്ടത്തിൽ എത്തിയതിന് പിന്നിലെ പ്രധാന കാരണം അജ്മാൻ പൊലീസാണെന്ന് അവർ പറഞ്ഞു. കുടുംബം വലിയ പിന്തുണ നൽകിയയതായും അറിയിച്ചു.

ഷാഹിനക്കുണ്ടായ ഭൗതികവും ധാര്‍മ്മികവുമായ നഷ്ടങ്ങള്‍ക്ക് കോടതി 41,878 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചു. വിധിയില്‍ ആശ്വാസമുണ്ടെന്നും നീതി നടപ്പാക്കിയതായും ഷാഹിന പറഞ്ഞു. ചെറിയ ബിസിനസ് ചെയ്യുന്നവര്‍ തിരിച്ചടി നേരിട്ടാലും അതിനെതിരെ പോരാടാന്‍ തയ്യാറാവണമെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് താനിത് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

റോയൽ ജനറൽ ട്രേഡിങ് ബ്രസ ജനറൽ ട്രേഡിങ്, ലൈഫ്‌ലൈൻ സർജിക്കൽ ട്രേഡിങ്, സലിം ഇലക്ട്രിക്കൽ ഡിവൈസസ് ഉൾപ്പെടെ ഡസൻ കണക്കിന് സ്ഥാപനങ്ങളുമായി മൊയ്തീനബ്ബയ്ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഫിസ് സ്ഥലങ്ങളും ട്രേഡ് ലൈസൻസുമുള്ള നിയമപരമായി തോന്നിക്കുന്ന സ്ഥാപനങ്ങൾ ആരംഭിക്കും. അതിന് ശേഷം ജീവനക്കാരനായി സ്വയം പരിചയപ്പെടുത്തും. വ്യാജ ചെക്കുകൾ നൽകി സാധനങ്ങൾ നേടിയ ശേഷം സ്ഥാപനത്തിന്റെ ഉടമകളായി അവതരിപ്പിച്ചവരെ വേഗത്തിൽ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കും. അതിനിടയിൽ, സാധനങ്ങൾ മറ്റ് കക്ഷികൾക്ക് വിൽക്കുകയും ചെയ്യും ഇതായിരുന്നു മൊയ്തീനബ്ബയുടെ തട്ടിപ്പിന്‍റെ രീതി.

2016-ൽ റോയൽ ജനറൽ ട്രേഡിങ്ങിന് 60,000 ദിർഹത്തിന്‍റെ സാധനങ്ങൾ നൽകിയതിലൂടെ തനിക്ക് നഷ്ടം സംഭവിച്ചിരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബിസിനസുകാരി പറഞ്ഞു. മൊയ്തീനബ്ബയെ 2023 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യുകയും ജൂൺ 16-ന് ശിക്ഷിക്കപ്പെടുന്നത് വരെ ജയിലിൽ കഴിയുകയും ചെയ്തു. ജൂൺ 20-ന് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തി. അവിടെ, ഇന്ത്യയുടെ ഫെഡറൽ ഭീകരവാദ വിരുദ്ധ ഏജൻസിയായ എൻഐഎ ഇയാൾക്കെതിരെ കള്ളനോട്ട് കടത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസ് ഫയൽ ചെയ്തിരുന്നു. 2013-ൽ ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെ പ്രധാന കുറ്റാന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മൊയ്തീനബ്ബയെ കണ്ടെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ