ഒന്ന് നാട്ടിലെത്താന്‍ ജമീല സഹായം തേടുന്നു

By Web DeskFirst Published Jul 17, 2018, 11:43 PM IST
Highlights
  • കോതമംഗലംകാരി ജമീല ഗള്‍ഫില്‍ നിന്ന് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ അധികാരികളുടെ സഹായം തേടുകയാണ്

ഷാര്‍ജ: കോതമംഗലംകാരി ജമീല ഗള്‍ഫില്‍ നിന്ന് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ അധികാരികളുടെ സഹായം തേടുകയാണ്. തമിഴാനാട് സ്വദേശിയായ തൊഴിലുടമ ഭീണിപ്പെടുത്തി 20വര്‍ഷം മരുഭൂമിയില്‍ അധ്വാനിച്ചുണ്ടാക്കിയ കാശെല്ലാം തട്ടിയെടുത്തതായി അവര്‍ പറയുന്നു. ഒരു വശം തളര്‍ന്നുകിടക്കുന്ന ഈ അമ്പത്തിയഞ്ചുകാരി ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ കഴിയുകയാണ്.

ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ രണ്ട പെണ്‍മക്കളടങ്ങുന്ന കുടുംബം പോറ്റാന്‍ 20വര്‍ഷം മുമ്പാണ് ജമീല ഗള്‍ഫിലെത്തിയത്. പതിനഞ്ചുവര്‍ഷം ഷാര്‍ജയിലെ സ്കൂളുകളില്‍ ആയയായി ജോലിചെയ്തു. അവധി ദിനങ്ങളില്‍ വീട്ടുവേലയ്ക്ക് പോയി മക്കളെ നല്ലനിലയില്‍ കെട്ടിച്ചയച്ചു. പരിചയക്കാരനായ തമിഴ്നാട് സ്വദേശി ഭേദമായ ശമ്പളം വാഗ്ധാനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ജോലിയ്ക്കു കയറി. 

പക്ഷെ തനിക്കു നല്‍കിയത് പാര്‍ടര്‍വിസയാണെന്ന് തിരിച്ചറിയാന്‍  ഈ സാധാരണകാരിക്ക് കഴിഞ്ഞില്ല. അലക്കു കമ്പനി പൂട്ടിയപ്പോള്‍  തമിഴ്നാടു സ്വദേശി ഭീഷണിപ്പെടുത്തി കാശ് കൈക്കലാക്കി.  ഇനിയും ഇരുപതിനായിരം ദിര്‍ഹം കിട്ടിയാല്‍മാത്രമേ വിസ റദ്ദുചെയ്തു തരൂവെന്ന് പറഞ്ഞ് ഈ 55കാരിയെ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് തമിഴ്നാട് സ്വദേശി. 

ഒരു വശം തളര്‍ന്നു കിടക്കുന്ന ഇവര്‍ ഭയംമൂലം ഇക്കാര്യം മറ്റാരോടും പങ്കുവച്ചതുമില്ല ഷാര്‍ജയിലെ ഹസാനയില്‍ മലയാളികളുടെ കാരുണ്യത്താല്‍ കഴിയുകയാണിവര്‍. ആരെങ്കിലും ഭക്ഷണം കൊടുത്താല്‍ കഴിക്കും. അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഈ കോതമംഗലംകാരിയുടെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.

click me!