
ഷാർജ: പുതുവർഷത്തോടനുബന്ധിച്ചുള്ള നീണ്ട അവധിക്കാലം പ്രമാണിച്ച് ഷാർജ വിമാനത്താവളത്തിൽ വൻ തിരക്ക് അനുഭവപ്പെടുമെന്ന് അധികൃതർ. തിരക്ക് ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിനായി വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ യാത്രക്കാരോട് നിർദ്ദേശിച്ചു.
യുഎഇയിൽ ജനുവരി 1 (വ്യാഴാഴ്ച) പൊതുഅവധി പ്രഖ്യാപിച്ചതോടെയും ഷാർജയിൽ വെള്ളിയാഴ്ച വാരാന്ത്യ അവധി ആരംഭിക്കുന്നതോടെയും പ്രവാസികൾക്ക് നാല് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുന്നത്. ജനുവരി 2 വെള്ളിയാഴ്ച ഫെഡറൽ സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സൗകര്യവും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വലിയ തോതിലുള്ള യാത്രാ തിരക്ക് പ്രതീക്ഷിക്കുന്നത്.
സിറ്റി ചെക്ക്-ഇൻ: എയർ അറേബ്യയിൽ യാത്ര ചെയ്യുന്നവർക്ക് നഗരത്തിലെ 'സിറ്റി ചെക്ക്-ഇൻ' കേന്ദ്രങ്ങൾ ഉപയോഗിക്കാം. വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പേ ബോർഡിംഗ് പാസ് കൈപ്പറ്റാനും ലഗേജ് ഏൽപ്പിക്കാനും ഇത് സഹായിക്കും.
സ്മാർട്ട് സേവനങ്ങൾ: വിമാനത്താവളത്തിലെ സെൽഫ് ചെക്ക്-ഇൻ കിയോസ്കുകൾ, സ്മാർട്ട് ഗേറ്റുകൾ, ലഗേജ് ഡ്രോപ്പ്-ഓഫ് സൗകര്യങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തുക.
അൽ ദിയാഫ ലോഞ്ച്: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി ഡിപ്പാർച്ചർ ഏരിയയുടെ പ്രധാന കവാടത്തിൽ പുതുതായി 'അൽ ദിയാഫ ലോഞ്ച്' പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ശൈത്യകാല അവധിക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ ഷാർജ വിമാനത്താവളം സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഷാർജയ്ക്ക് പുറമെ ദുബൈ വിമാനത്താവളത്തിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വർഷാവസാനത്തോടെ ദുബൈ വിമാനത്താവളം വഴി ഒരു കോടിയോളം പേർ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam