
ദുബായ്: ചൊവ്വാഴ്ച രാവിലെ ദുബായ് നഗരത്തെ പുതപ്പിച്ച കനത്ത മൂടൽമഞ്ഞിന്‍റെ അതിമനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നഗരത്തിന്റെ ആകാശദൃശ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ശൈഖ് ഹംദാൻ പങ്കുവെച്ച വീഡിയോയിൽ, കനത്ത മഞ്ഞുകൂട്ടത്തിന് മുകളിൽ ദുബായ് ഫ്രെയിം ഒഴുകി നടക്കുന്നത് പോലെ ദൃശ്യമാണ്. ബുർജ് ഖലീഫ ഉൾപ്പെടെയുള്ള വമ്പൻ കെട്ടിടങ്ങളുടെ മുകൾഭാഗം മാത്രമാണ് വെളുത്ത മഞ്ഞിനിടയിൽ നിന്ന് ഉയർന്നു നിൽക്കുന്നത്. ബുർജ് അൽ അറബിന്‍റെ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, കാഴ്ചപരിധി കുത്തനെ കുറഞ്ഞതിനെത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തീരപ്രദേശങ്ങളിലും ആഭ്യന്തര മേഖലകളിലും ചൊവ്വാഴ്ച രാവിലെ 10 മണി വരെ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു. റോഡ് യാത്രക്കാരെയും രാവിലെ ഓഫീസുകളിലേക്ക് പോകുന്നവരെയും ഇത് കാര്യമായി ബാധിച്ചു. ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ഗതാഗത അധികൃതർ വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ സമയത്ത് യുഎഇയിൽ സാധാരണയായി കണ്ടുവരുന്ന മൂടൽമഞ്ഞാണിതെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ്, ഷാർജ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടിരുന്നു. നിരവധി വിമാനങ്ങൾ വൈകുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam