698 പ്രവാസികളുമായി മാലെദ്വീപില്‍ നിന്ന് 'ജലാശ്വ' യാത്രതിരിച്ചു; കൊച്ചിയില്‍ ഞായറാഴ്‍ചയെത്തും

By Web TeamFirst Published May 8, 2020, 11:12 PM IST
Highlights

ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‍ജയ് സുധീർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ കപ്പലിനെ യാത്രയാക്കി

ദില്ലി: വന്ദേഭാരത് മിഷൻറെ ഭാഗമായ ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കം കുറിച്ച് നാവികസേന കപ്പലായ ഐഎൻഎസ് ജലാശ്വ കൊച്ചിയിലേക്ക് യാത്രതിരിച്ചു. 698 യാത്രക്കാരാണ് ഞായറാഴ്ച കൊച്ചിയിലെത്തുന്ന കപ്പലിലുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‍ജയ് സുധീർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ കപ്പലിനെ യാത്രയാക്കി. 2015 ല്‍ യെമനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ ശേഷമുള്ള നാവിക സേനയുടെ മറ്റൊരു ദൗത്യത്തിന് ഇതോടെ തുടക്കം കുറിച്ചിരിക്കുകയാണ്. 

18 ഗ‌‌‍‌‌‌ർഭിണികളും 14 കുട്ടികളും ഉൾപ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്. നാവിക സേനയുടെ ഡോക്ടർമാരും മാലെദ്വീപ് മെഡിക്കൽ സംഘവും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ കയറ്റിയത്. 36 മണിക്കൂ‍ർ യാത്രയ്ക്കു ശേഷം കപ്പൽ കൊച്ചിയിലെത്തും. മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തിൽ ഒരു ദിവസം നീണ്ടു നിന്ന നടപടികൾക്ക് ശേഷമാണ് യാതക്കാരെ ബസിൽ തുറമുഖത്തേക്ക് എത്തിച്ചത്. 

നാവികസേനയുടെ തന്നെ ഐഎൻഎസ് മഗർ എന്ന കപ്പൽ കൂടി മാലെദ്വീപില്‍ എത്തുന്നുണ്ട്. ദുബായിൽ നിന്നും കപ്പലുകളുണ്ടാകും എന്ന് നേരത്തെ സ‍ർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ആകെ പതിനാല് കപ്പലുകൾ സർക്കാർ നിർദ്ദേശിക്കുന്ന മുറയ്ക്ക് ദൗത്യത്തിന്
തയ്യാറായി നിലക്കുകയാണ്.

click me!