മിനി ബസില്‍ ഉറങ്ങിപ്പോയ മൂന്നര വയസ്സുകാരനെ എടുക്കാന്‍ മറന്നു; ശ്വാസം കിട്ടാതെ കുഞ്ഞിന് ദാരുണാന്ത്യം

By Web TeamFirst Published Jul 14, 2021, 3:17 PM IST
Highlights

ബസിനുള്ളില്‍ ഉറങ്ങിപ്പോയ കുട്ടിയെ ബസിലെ സൂപ്പര്‍വൈസര്‍ ശ്രദ്ധിച്ചില്ല. സൂപ്പര്‍വൈസറുടെ ജാഗ്രത കുറവാണ് കുഞ്ഞിന്റെ ദാരുണ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ മിനി ബസില്‍ ഉറങ്ങിപ്പോയ കുഞ്ഞിനെ എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് മൂന്നരവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു. ബസിനുള്ളില്‍ ഉറങ്ങിപ്പോയ മൂന്നു വയസ്സും എട്ടു മാസവും പ്രായമുള്ള കുഞ്ഞ് മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. തുടര്‍ന്ന് ശ്വാസം കിട്ടാതെ അവശനിലയിലാകുകയായിരുന്നു.

ജൂലൈ 12നാണ് സംഭവം ഉണ്ടായത്. അറബ് വംശജനായ കുട്ടിയെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചെന്നും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടി ആമിന ആശുപത്രിയില്‍ നിന്ന് പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതെന്ന് അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു.

ബസിനുള്ളില്‍ ഉറങ്ങിപ്പോയ കുട്ടിയെ ബസിലെ സൂപ്പര്‍വൈസര്‍ ശ്രദ്ധിച്ചില്ല. സൂപ്പര്‍വൈസറുടെ ജാഗ്രത കുറവാണ് കുഞ്ഞിന്റെ ദാരുണ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഉച്ചഭക്ഷണ സമയത്ത് കുഞ്ഞിനെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് ബസിനുള്ളില്‍ അവശനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ടാലന്റ് ഡെവലപ്‌മെന്റ് കേന്ദ്രത്തിന്റെ ബസിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കണ്ടെത്തിയ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ടാലന്റ് ഡെവലപ്‌മെന്റ് കേന്ദ്രത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!