സൗദിയില്‍ പ്രത്യേക ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങി

By Web TeamFirst Published Nov 27, 2018, 11:47 PM IST
Highlights

സൗദി അറേബ്യയില്‍ നീതിന്യായ മന്ത്രാലയത്തിനുകീഴില്‍ പ്രത്യേക ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങി. നേരത്തേ തൊഴില്‍ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ലേബര്‍ ഓഫീസുകള്‍ക്കു പകരമാണ് പുതിയ സംവിധാനം.

റിയാദ്: സൗദി അറേബ്യയില്‍ നീതിന്യായ മന്ത്രാലയത്തിനുകീഴില്‍ പ്രത്യേക ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങി. നേരത്തേ തൊഴില്‍ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ലേബര്‍ ഓഫീസുകള്‍ക്കു പകരമാണ് പുതിയ സംവിധാനം. വിദേശികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ തൊഴിലാളികള്‍ക്ക് കാലതാമസം കൂടാതെ തൊഴില്‍ തര്‍ക്കങ്ങളില്‍ പരിഹാരം കാണുന്നതിനാണ് പ്രത്യേക തൊഴില്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 

ലേബര്‍ ഓഫീസുകളില്‍ നിന്നുള്ള ഉത്തരവുകള്‍ നടപ്പാക്കാന്‍ ചില തൊഴിലുടമകള്‍ വിസമ്മതിക്കുകയും കാലതാമസം വരുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നീതിന്യായ മന്ത്രാലയത്തിനുകീഴിലുള്ള തൊഴില്‍ കോടതികള്‍ വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാകും. തൊഴില്‍ മന്ത്രി അഹമദ് അല്‍ റാജ്ഹി, നീതിന്യായ മന്ത്രി ഡോ. വലീദ് സംആനി എന്നിവര്‍ ചേര്‍ന്നാണ് പ്രത്യേക കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

തൊഴില്‍ വിപണിയില്‍ ഗുണപരമായ മാറ്റത്തിന് പുതിയ കോടതിയുടെ പ്രവര്‍ത്തനം സഹായിക്കുമെന്ന് മന്ത്രി അഹമദ് അല്‍ റാജ്ഹി പറഞ്ഞു. ലേബര്‍ ഓഫീസുകളിലെത്തുന്ന പരാതികള്‍ മൂന്ന് ആഴ്ചക്കകം പരിഹരിക്കണം. അല്ലാത്തപക്ഷം പരാതികള്‍ ഓണ്‍ലൈനില്‍ ലേബര്‍ കോര്‍ട്ടുകള്‍ക്കു കൈമാറും. ഇത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പ്രത്യേക ലേബര്‍ കോടതികള്‍ പരിഗണിക്കുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.

click me!