കൊവിഡ് 19: കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് ഒമാൻ ആരോഗ്യമന്ത്രി

By Web TeamFirst Published Mar 29, 2020, 2:48 PM IST
Highlights
  • കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ഒമാന്‍ ആരോഗ്യമന്ത്രി. 
  • സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മസ്കറ്റ്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്ക് നീങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി. കൊവിഡ് വൈറസ് പടർന്നു പിടിക്കുന്നത് തടയുന്നതിന് ഒമാൻ സർക്കാർ കൂടുതൽ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സൈദി പറഞ്ഞു .

കർഫ്യൂ ഏർപ്പെടുത്താൻ രാജ്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കുവൈറ്റ്  ടെലിവിഷന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുവാൻ ഇനിയും കടുത്ത നടപടികൾ സ്വീകരിക്കാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചേക്കുമെന്നും മന്ത്രി അഹമ്മദ് അൽ സൈദി  സൂചന നൽകി.

ഇതുവരെ സുപ്രിം കമ്മറ്റിയുടെ പ്രതിരോധ നടപടികളിലൂടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം  നിയന്ത്രിക്കുവാൻ ഒരു പരിധിവരെ സാധിച്ചുവെങ്കിലും സുപ്രിം കമ്മറ്റിയുടെ അടുത്ത മീറ്റിംഗിൽ  കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് പ്രഖ്യാപിക്കുവാനുള്ള സാധ്യത തള്ളിക്കളയുവാനാകില്ലയെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു .

അതേസമയം ഒമാനിൽ  ഇന്ന് 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 167 ആയെന്നു  ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ഒമാൻ എല്ലാ ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട് .
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!