
ദുബൈ: ദുബൈയിൽ കുടുംബങ്ങൾ താമസിക്കുന്ന ഷെയറിങ് അപ്പാർട്ട്മെന്റുകളിൽ ബാച്ചിലർ താമസക്കാർക്ക് ഷെയറിങ് അടിസ്ഥാനത്തിൽ താമസിക്കാൻ കഴിഞ്ഞേക്കില്ല. കുടുംബങ്ങളായും ബാച്ചിലർ ആയുമുള്ള ഷെയറിങ് താമസങ്ങൾ വെവ്വേറെയാക്കാനാണ് പദ്ധതി. ഇതിനായി പ്രത്യേക മേഖലകളും അനുവദിച്ചിട്ടുണ്ട്.
ഒരു കെട്ടിടത്തിൽ ഒന്നുകിൽ ബാച്ചിലർ താമസക്കാർ, അല്ലെങ്കിൽ കുടുംബങ്ങൾ.. ഷെയറിങ് ആയുള്ള താമസ കെട്ടിടങ്ങളിൽ ഈ രണ്ടു വിഭാഗവും ഇനി ഒരുമിച്ച് പാടില്ല. മാത്രവുമല്ല, വില്ലകളിലായാലും കെട്ടിടങ്ങളിലായാലും ഷെയറിങ് ആയി താമസിക്കാവുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് തന്നെ തയാറാക്കിയിട്ടുണ്ട്. 44 ഇടങ്ങളിലാണ് ഇതിന് അനുമതിയുള്ളത്. അല്ലാത്ത ഇടങ്ങളിൽ ഷെയറിങ് ആയി താമസിക്കാനാകില്ല. സൂഖ് അയ കബീർ, അൽ റാസ്, അൽ വർഖ, മുറഖബാത്, അൽ റിഗ ഉൾപ്പടെ മേഖലകളാണിത്.
ചില സ്ഥലങ്ങളിൽ ഷെയറിങ് ആയി താമസിക്കാൻ കുടുംബങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടാകൂ. ബനിയാസ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, ജുമൈറ റോഡ്, അൽ വാസൽ റോഡ് ഉൾപ്പടെ മേഖലകളാണിത്. ഇവിടെ ബാച്ചിലർ താനമസക്കാർക്ക് ഷെയറിങ് താമസം പറ്റില്ല. ഷെയറിങ് കെട്ടിടങ്ങളിൽ കൃത്യമായ മാർഗരേഖയുണ്ട്. ഒരാൾക്ക് അഞ്ച് ചതുരശ്ര മീറ്ററെങ്കിലും സ്ഥലം വേണം. കുടുംബങ്ങൾക്കാണെങ്കിൽ പ്രത്യേക ബെഡ് റൂം, ബാത് റൂം എന്നിവ വേണം. അടുക്കള, ശുചീകരണ സംവിധാനങ്ങളെല്ലാം കർശനമായിട്ടുണ്ട്. ഭക്ഷണം കഴിക്കാനും വിനോദങ്ങൾക്കും വസ്ത്രങ്ങൾ കഴുകാനും ഉണക്കാനുമെല്ലാം സ്ഥലം ഉണ്ടായിരിക്കണം. ലംഘിക്കുന്നവർക്ക് അയ്യായിരം മുതൽ അൻപതിനായിരം ദിർഹം വരെയാണ് പിഴ. തിങ്ങിത്താമസിക്കുന്നത് തടയാനാണ് നടപടികൾ. അതേസമയം, ചെലവ് പിടിച്ചു നിർത്താൻ പ്രവാസികളുടെ ഏറ്റവും വലിയ ആശ്രയമാണ് ഷെയറിങ് താമസ കേന്ദ്രങ്ങൾ. ഇവയെല്ലാം നടപ്പാക്കാൻ ഒരു വർഷത്തെ ഗ്രേസ് പിരീയഡ് അനുവദിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam