ഭാര്യയുടെ ഉപദേശം തുണയായി; പ്രവാസിക്ക് കൈവന്നത് 23 കോടിയുടെ ഭാഗ്യം

By Web TeamFirst Published Feb 4, 2020, 11:20 AM IST
Highlights

അല്‍ഐനില്‍ ജോലി ചെയ്യുന്ന നിദാല്‍ കഴിഞ്ഞ ഏഴ് മാസമായി ഭാഗ്യം പരീക്ഷിക്കുകയാണ്. തന്റെ ഭാര്യയാണ് എപ്പോഴും ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയായിരുന്നു തങ്ങള്‍ക്ക്. 

അബുദാബി: തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സിറിയന്‍ പൗരന്‍ നിദാല്‍ ഷാന്‍വറിന് ഒന്നാം സമ്മാനം. നിദാല്‍ വാങ്ങിയ 216317 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 1.2 കോടി ദിര്‍ഹം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ രണ്ട് കോടി സമ്മാനം ലഭിച്ച പാകിസ്ഥാന്‍ പൗരന്‍ മുഹമ്മദ് ഹസനാണ് ഇന്നലത്തെ വിജയിയെ തെരഞ്ഞെടുത്തത്.

അല്‍ഐനില്‍ ജോലി ചെയ്യുന്ന നിദാല്‍ കഴിഞ്ഞ ഏഴ് മാസമായി ഭാഗ്യം പരീക്ഷിക്കുകയാണ്. തന്റെ ഭാര്യയാണ് എപ്പോഴും ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയായിരുന്നു തങ്ങള്‍ക്ക്. ആ ദിവസം ഇന്നാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ നറുക്കെടുപ്പില്‍ 500 ദിര്‍ഹത്തിന്റെ രണ്ട് ടിക്കറ്റുകളാണ് അദ്ദേഹം എടുത്തത്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും.

പ്രേം കുമാര്‍ ഗോപാലപിള്ള എന്ന ഇന്ത്യക്കാരനാണ് രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ലഭിച്ചത്. മറ്റൊരു ഇന്ത്യക്കാരനായ ഷാദുല മുഹമ്മദിന് 60,000 ദിര്‍ഹവും സമ്മാനം ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മറ്റ് സമ്മാനങ്ങള്‍.

click me!