സൗദി അറേബ്യയില്‍ 'തവക്കൽന' മൊബൈൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉള്‍പ്പെടുത്തി

By Web TeamFirst Published Mar 21, 2021, 8:03 PM IST
Highlights

തവക്കൽന ആപ്പിലെ 'മൊബൈൽ നമ്പർ ഐഡന്റിഫിക്കേഷൻ' സേവനം വഴി തങ്ങളുടെ ആശ്രിതരെയോ സുഹൃത്തുക്കളെയോ മറ്റേതെങ്കിലും വ്യക്തിയെയോ നേരിട്ട് രജിസ്റ്റർ ചെയ്യാനും സാധിക്കും.

റിയാദ്: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ പൊതുജന സേവനത്തിന് ഏർപ്പെടുത്തിയ  'തവക്കൽന' മൊബൈൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷീർ' പോർട്ടലിന്റെ സഹായമില്ലാതെ തന്നെ തവക്കൽന ആപ്പിലൂടെ ഉപയോക്താക്കളുടെ മൊബൈൽ നമ്പർ നേരിട്ട് അപ്ഡേറ്റ് ചെയ്യാമെന്നതാണ് പുതുതായി ഉൾപ്പെടുത്തിയ സേവനങ്ങളിൽ പ്രധാനം. 

തവക്കൽന ആപ്പിലെ 'മൊബൈൽ നമ്പർ ഐഡന്റിഫിക്കേഷൻ' സേവനം വഴി തങ്ങളുടെ ആശ്രിതരെയോ സുഹൃത്തുക്കളെയോ മറ്റേതെങ്കിലും വ്യക്തിയെയോ നേരിട്ട് രജിസ്റ്റർ ചെയ്യാനും സാധിക്കും. ഇവർക്ക് അബ്ഷീർ പോർട്ടലിൽ അക്കൗണ്ട് ഉണ്ടാവണമെന്ന് നിർബന്ധമില്ല. ഏതു സമയത്തും വ്യക്തിയുടെ മൊബൈൽ നമ്പർ മാറ്റാനും ആപ്പിൽ സൗകര്യമുണ്ട്. വിദേശ തൊഴിലാളികൾക്ക് അവരുടെ താമസരേഖയുടെ നിയമപരമായ നില പരിഗണിക്കാതെ തന്നെ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നുണ്ട്. 

ആപ്ലിക്കേഷന്റെ പുതിയ പതിപ്പിൽ ഇഖാമ നമ്പറിനെ അടിസ്ഥാനമാക്കി നീതിന്യായ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ സേവനങ്ങളും ലഭ്യമാവും. പുതിയ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനും ആപ്ലിക്കേഷൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും Google Play, AppStore, AppGallery തുടങ്ങിയ സ്റ്റോറുകൾ വഴി തവക്കൽന ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യാൻ എല്ലാ ഉപയോക്താക്കളോടും അധികൃതർ ആവശ്യപ്പെട്ടു. മാളുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പൊതു സ്ഥലങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ ഇപ്പോൾ തവക്കൽന ആപ്ലിക്കേഷൻ നിർബന്ധമാണ്.

click me!