
ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു ആരോഗ്യപ്രവർത്തകയടക്കം മൂന്ന് മലയാളികള്‍കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 256 ആയി. തൃശ്ശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദ് ഒമാനിലും, എറാണാകുളം കോതമംഗലം സ്വദേശിനി ബിജി ജോസ് ദമാമിലുമാണ് മരിച്ചത്. 25വര്‍ഷമായി അല്‍ ഹസ്സയില്‍ നഴ്സായി പ്രവര്‍ത്തിക്കുകയായിരുന്നു ബിജി. കൊല്ലം സ്വദേശിയായ രാമചന്ദ്രന്‍ ആചാരിയും കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ആകെ മരണം 2185 ആയി.
ദുബായില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,80,358 കടന്നു. അതേസമയം താമസ വിസയുള്ളവര്‍ക്ക് ദുബായിലേക്ക് ഇന്നു മുതല്‍ മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. താമസ, സന്ദര്‍ശക വിസക്കാര്‍, പൗരന്‍മാര്‍ എന്നിവര്‍ക്ക് എമിറേറ്റിനകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് ദുബായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പൗരന്‍മാര്‍ക്കും താമസ വിസക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലേക്ക് നാളെ മുതല്‍ യാത്ര ചെയ്യാം. മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അതാത് രാജ്യങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അടുത്തമാസം ഏഴു മുതല്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ദുബായിലേക്കെത്താമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റഡിസന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ്, എയര്‍ലൈന്‍സ് എന്നിവയുടെ അനുമതി ലഭിക്കുന്നത് അനുസരിച്ച് ദുബായ് താമസ വിസയുള്ളവര്‍ക്ക് മടങ്ങിയെത്താം. കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് യാതാനുമതി നിഷേധിക്കാന്‍ എയര്‍ലൈന്‍സിന് അനുവാദമുണ്ട്. ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് വരെ വീട്ടില്‍ നിന്ന് പുറത്ത് പോകരുത്. കൊവിഡ് പോസിറ്റീവായാല്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. ഐസൊലേഷന്‍, ചികിത്സ എന്നിവയുടെ ചെലവുകള്‍ യാത്രക്കാര്‍ സ്വയം വഹിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam