
റാസൽഖൈമ: യുഎഇയിൽ വെടിയേറ്റ് മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം. ട്രാഫിക് തർക്കത്തെ തുടർന്ന് അമ്മയും രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മൂന്നു പേർക്കും വെടിയേൽക്കുകയായിരുന്നുവെന്ന് റാക് പോലീസാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.
റാസൽഖൈമയിലെ ജനവാസ പ്രദേശത്ത് വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചയുടൻ തന്നെ റാക് പോലീസിന്റെ പട്രോൾ യുണിറ്റുകൾ സംഭവസ്ഥലത്തെത്തിയിരുന്നു. ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെടിയേറ്റ നിലയിൽ കണ്ടെത്തിയ മൂന്ന് സ്ത്രീകളെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിയിൽ നിന്നും വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുക്കുകയും തുടർ നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി റാക് പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടികളുടെ സഹോദരൻ പറയുന്നതനുസരിച്ച് ഇയാളുടെ അമ്മയും നാല് സഹോദരികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ പ്രതി കൈയിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ്. നാലാമത്തെ സഹോദരി ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും ഇയാൾ പറഞ്ഞതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam