അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയിലെത്തിച്ചു; മൂന്നുവയസ്സുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത്...

By Web TeamFirst Published Feb 13, 2021, 10:02 PM IST
Highlights

കളിപ്പാട്ടങ്ങള്‍, റിമോട്ട് കണ്‍ട്രോള്‍ വസ്തുക്കള്‍, കാറിന്റെ താക്കോല്‍, മ്യൂസിക്കല്‍ ആശംസാ കാര്‍ഡുകള്‍ എന്നിവയില്‍ ബട്ടണ്‍ ബാറ്ററികള്‍ കാണപ്പെടാറുണ്ട്.

മനാമ: ബഹ്‌റൈനില്‍ മൂന്നുവയസ്സുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ബട്ടണ്‍ ബാറ്ററി. റിഫയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള റോയല്‍ ഹോസ്പിറ്റലിലെത്തിച്ച കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റില്‍ ബട്ടണ്‍ ബാറ്ററി കണ്ടെത്തിയത്.

പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി കണ്‍സള്‍ട്ടന്റ് ഡോ. സൗഹേല്‍ ഷബീബിന്റെ നേൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുട്ടിയുടെ കുടലില്‍ നിന്നും എന്‍ഡോസ്‌കോപി വഴി ബാറ്ററി പുറത്തെടുത്തത്. ബട്ടണ്‍ ബാറ്ററി കുടലിന്റെ ഭിത്തിയില്‍ ഒട്ടിപ്പിടിക്കുകയും ഇതില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ ലോഡ് പുറന്തള്ളുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ തുടരുകയാണെങ്കില്‍ ക്രമേണ കുടലില്‍ പൊള്ളലുണ്ടായി സുഷിരം വരെ വീണേക്കാമെന്നും ഡോ. ഷബീബ് പറഞ്ഞു. 

നാണയങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെറിയ ബാറ്ററികള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിങ്ങനെ ആകര്‍ഷകമായി തോന്നുന്ന വസ്തുക്കള്‍ കുട്ടികള്‍ അറിയാതെ വിഴുങ്ങാറുണ്ടെന്നും ഇത് ആന്തരികാവയവളില്‍ പൊള്ളല്‍, തടസ്സം, കുടലില്‍ സുഷിരം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കും, ചിലപ്പോള്‍ മരണത്തിലേക്കും വരെ നയിക്കാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. കളിപ്പാട്ടങ്ങള്‍, റിമോട്ട് കണ്‍ട്രോള്‍ വസ്തുക്കള്‍, കാറിന്റെ താക്കോല്‍, മ്യൂസിക്കല്‍ ആശംസാ കാര്‍ഡുകള്‍ എന്നിവയില്‍ ബട്ടണ്‍ ബാറ്ററികള്‍ കാണപ്പെടാറുണ്ട്. കുട്ടികള്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.  


 

click me!