കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

By Web TeamFirst Published Jun 16, 2020, 5:21 PM IST
Highlights

35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 231ആയി. 

ദോഹ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഖത്തറിലാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 231ആയി. 

അതേസമയം സൗദിക്ക് പിന്നാലെ ഒമാനും കേരളത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും ഉടന്‍ തന്നെ സമാന നിലപാട് സ്വീകരിക്കുമോയെന്ന ആശങ്കയിലാണ് പ്രവാസികള്‍

ഈ മാസം 20 മുതല്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി സൗദിയിലേയും ഒമാനിലേയും ഇന്ത്യന്‍ എംബസികള്‍ അറിയിച്ചു. കേരളസര്‍ക്കാരാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചതെന്നും  അറിയിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്. മരണസംഖ്യ ആയിരം കടന്ന സൗദിയില്‍ നിന്നടക്കം നാട്ടിലെത്താനുള്ള  പ്രവാസികളുടെ ശ്രമത്തിന് തിരിച്ചടിയാവുകയാണ്  സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. 

വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടും ഏഴായിരത്തില്‍ താഴെ മലയാളികള്‍ക്ക് മാത്രമാണ് സൗദിയില്‍ നിന്ന് ഇതുവരെ നാട്ടിലെത്താനായത്. ഏകദേശം മുപ്പതിനായിരത്തോളം രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്.  ഒമാനിലെ സലാലയില്‍ കഴിയുന്നവര്‍ക്ക് 1500 കിലോമീറ്റര്‍ അകലെ മസ്കറ്റില്‍ മാത്രമാണ് പരിശോധനയ്ക്ക് സംവിധാനമുള്ളത്. 

പരിശോധനാഫലം കിട്ടാന്‍ ചുരുങ്ങിയത് നാല് ദിവസമെങ്കിലും വേണം. ഈ സാഹചര്യത്തില്‍ ചാര്‍ട്ടര്‍ വിമാനമൊരുക്കാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടിവരുമെന്നാണ് പ്രവാസി സംഘടനകള്‍ പറയുന്നത്. ഗള്‍ഫില്‍ മലയാളി മരണം 250 ഓട് അടുക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങാനുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്. 


 

click me!