ട്രാന്‍സിറ്റ് വിസയില്‍ യുഎഇയിലെത്തി; വിമാനം കാത്തിരുന്ന സിറിയന്‍ യുവതി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

By Web TeamFirst Published Nov 4, 2020, 1:54 PM IST
Highlights

യാത്ര തുടരാനാവാതെ അവശയായിരിക്കുന്ന സിറിയന്‍ യുവതിയ്ക്ക് അടിയന്തര പ്രസവ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അല്‍ മറി നിര്‍ദ്ദേശം നല്‍കി. അര മണിക്കൂറിനുള്ളില്‍ വിസയും ചികിത്സാ സൗകര്യങ്ങളും ഒരുക്കി.

ദുബൈ: ട്രാന്‍സിറ്റ് വിസയില്‍ ദുബൈ വിമാനത്താവളത്തിലെത്തിയ സിറിയന്‍ വനിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഒമാനില്‍ നിന്ന് ബെയ്‌റൂത്തിലേക്കുള്ള യാത്രക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇമാന്‍ ഉബൈദ് അല്‍ ഒക്ല(29) ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. പ്രസവവേദനയെ തുടര്‍ന്ന് അവശയായ സ്ത്രീയെ അധികൃതര്‍ കണ്ടെത്തുകയും അടിയന്തര ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയുമായിരുന്നു.

ബെയ്‌റൂത്തിലേക്കുള്ള വിമാനം കാത്ത് പൂര്‍ണ ഗര്‍ഭിണി വിമാനത്താവളത്തില്‍ അവശയായി ഇരിക്കുന്നത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയാണ് കണ്ടെത്തിയത്. ഭര്‍ത്താവും മൂന്നു കുട്ടികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. യാത്ര തുടരാനാവാതെ അവശയായിരിക്കുന്ന സിറിയന്‍ യുവതിയ്ക്ക് അടിയന്തര പ്രസവ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 

അര മണിക്കൂറിനുള്ളില്‍ വിസയും ചികിത്സാ സൗകര്യങ്ങളും ഒരുക്കി. ഇമാന്റെ സഹോദരന്മാര്‍ അബുദാബിയില്‍ ഉള്ളതിനാല്‍ പ്രസവ ചികിത്സ അവിടുത്തെ ആശുപത്രിയിലാക്കി. കൃത്യസമയത്ത് വേണ്ട ചികിത്സ ലഭിച്ച യുവതി മൂന്ന് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. രണ്ട് പെണ്‍കുഞ്ഞുങ്ങളും ഒരാണ്‍കുട്ടിയും.യുഎഇയ്ക്കും ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അല്‍ മറിക്കും യുവതി നന്ദി പറഞ്ഞു. യുഎഇ ഭരണാധികാരികളോടുള്ള നന്ദി സൂചകമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ മക്കളുടെ പേരായ മേയ്ത, മുഹ്‌റ എന്നീ പേരുകളാണ് യുവതി പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കിയത്. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദരവില്‍ ആണ്‍കുഞ്ഞിന് അബ്ദുല്ല എന്നും പേരിട്ടു. 

എല്ലാവര്‍ക്കും താമസവിസ ലഭിച്ചതോടെ യുഎഇയില്‍ തന്നെ കഴിയാനാണ് യുവതിയുടെ ആഗ്രഹം. വിമാനത്താവളത്തിലൂടെയുള്ള സാധാരണ സന്ദര്‍ശനത്തിനിടെയാണ് ഗര്‍ഭിണിയുടെ അനാരോഗ്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് മേജര്‍ ജനറല്‍ അല്‍ മറി പ്രതികരിച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ വേണ്ടിയാണ് യുവതിക്കും മക്കള്‍ക്കും താമസ വിസ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


 

click me!