
മനാമ: ബഹ്റൈനില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ട്രക്ക് ഡ്രൈവര്‍ക്കെതിരെ നിയമനടപടി തുടങ്ങി. ട്രാഫിക് പ്രോസിക്യൂഷനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 23ന് ബഹ്റൈന്‍ ലോജിസ്റ്റിക്സ് സോണിലെ റോഡിലാണ് കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചത്.
ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ടിലേക്ക് പോയിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ടയര്‍ പൊട്ടിയപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്‍ടമാവുകയും തുടര്‍ന്ന് എതിര്‍വശത്തെ ലേനിലേക്ക് പാഞ്ഞുകയറി കാറില്‍ ഇടിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം ട്രക്കിന്റെ ക്യാബിന്‍ വെള്ളിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
ആദ്യം കിങ് ഹമദ് യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റലിലേക്ക് കൊണ്ടുപോയ ഇയാളെ പിന്നീട് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. പരിക്കുകള്‍ക്ക് ചികിത്സ ലഭ്യമായി ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ അധികൃതര്‍ ചോദ്യം ചെയ്‍തിരുന്നു. ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ സമ്മതിച്ചതോടെ കസ്റ്റഡിയിലെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam