നാട്ടില്‍ നിന്ന് മരുന്ന് കൊണ്ടുവന്നതിന് രണ്ട് മലയാളികളെ സൗദിയില്‍ അറസ്റ്റ് ചെയ്തു

By Web TeamFirst Published Oct 7, 2018, 12:38 PM IST
Highlights

കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മരുന്നുകള്‍ക്കൊപ്പമുണ്ടായിരുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണെന്നും സ്ഥിരമായി കഴിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. 

റിയാദ്: ഡോക്ടറുടെ കുറിപ്പടി സഹിതം സൗദിയിലേക്ക് മരുന്നുകൊണ്ടു പോയ രണ്ട് മലയാളികളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. അപസ്മാരത്തിനുള്ള മരുന്നുകളുമായി രണ്ട് ആലപ്പുഴ സ്വദേശികളെയാണ് കഴിഞ്ഞ മാസം സൗദി കസ്റ്റംസ് പിടികൂടിയത്. നജ്റാനില്‍ ജോലി ചെയ്തിരുന്ന ഹരിപ്പാട് സ്വദേശി അവധിക്ക് നാട്ടില്‍ പോയി വരുമ്പോള്‍ റിയാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

ബാഗില്‍ മരുന്നുകണ്ടതോടെ അധികൃതര്‍ ചോദ്യം ചെയ്തു. അപസ്മാര രോഗിയായ ബന്ധുവിന് ഒരു വര്‍ഷം കഴിക്കാനായി രണ്ട് തരം ഗുളികളാണ് കൈവശമുണ്ടായിരുന്നത്. കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മരുന്നുകള്‍ക്കൊപ്പമുണ്ടായിരുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണെന്നും സ്ഥിരമായി കഴിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ സൗദിയില്‍ നിരോധിക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ തടഞ്ഞുവെച്ചു.  പിറ്റേദിവസം നജ്റാനിലേക്ക് കൊണ്ടുപോയി മരുന്ന് കഴിക്കേണ്ട ബന്ധുവിന് ഇത് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും അവിടെവെച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇരുവരെയും ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. ബന്ധുക്കള്‍ സഹായം തേടി കോണ്‍സുലേറ്റ് അധികൃതരെ സമീപിച്ചിട്ടുണ്ട്. നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ഈ മരുന്നുകള്‍ക്ക് അതത് രാജ്യങ്ങളില്‍ നിരോധനമുണ്ടോയെന്ന് പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

click me!