കൊവിഡ് ബാധിച്ച് ലണ്ടനിലും അമേരിക്കയിലും മലയാളികള്‍ മരിച്ചു

By Web TeamFirst Published Apr 28, 2020, 8:37 AM IST
Highlights

ലണ്ടനില്‍ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി അനൂജ് കുമാറും അമേരിക്കയിലെ ഷിക്കാഗോയില്‍ ജോലി ചെയ്യുന്ന മാന്നാനം സ്വദേശി സെബാസ്റ്റ്യൻ ജോസഫ് വല്ലാത്തറക്കലുമാണ് മരിച്ചത്.

ലണ്ടന്‍: കൊവിഡ് ബാധിച്ച് ലണ്ടനിലും അമേരിക്കയിലും മലയാളികള്‍ മരിച്ചു. കോട്ടയം വെളിയന്നൂർ സ്വദേശി അനൂജ് കുമാർ (44) ആണ് ലണ്ടനില്‍ മരിച്ചത്. ലണ്ടനില്‍ നഴ്‍സായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ച് മറ്റൊരു കോട്ടയം സ്വദേശി അമേരിക്കയിലും മരിച്ചു. മാന്നാനം സ്വദേശി സെബാസ്റ്റ്യൻ ജോസഫ് വല്ലാത്തറക്കൽ (63) ആണ് മരിച്ചത്. പതിനൊന്ന് വർഷമായി ഷിക്കാഗോയിലാണ് ജോസഫ് ജോലി ചെയ്തിരുന്നത്. 

 

അതേസമയം ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 3,062,775 ആയി ഉയർന്നു. രണ്ട് ലക്ഷത്തിന് പതിനൊന്നായിരം പേ‍ർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണവും മരണവും കുറഞ്ഞതോടെ ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്പെയിൻ, ഇറാൻ എന്നി രാജ്യങ്ങൾ ലോക്ഡൗണിൽ അയവ് വരുത്തി. ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസവും മരണ സംഖ്യ അഞ്ഞൂറിൽ താഴെയാണ്. രോഗ ബാധിതരുടെ എണ്ണവും കുറയുന്നുണ്ട്. 

 

27,000 പേർ മരിച്ച ഇറ്റലിയിൽ മെയ് നാലിന് ശേഷം ലോക്ഡൗണിൽ ഇളവ് വരുത്തിയേക്കും. അതേസമയം ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ തെരഞ്ഞെടുപ്പ് മാറ്റേണ്ട സാഹചര്യമില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറസിനോടുള്ള ചൈനയുടെ സമീപനത്തിൽ ഗൗരവമായ അന്വേഷണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

click me!