തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട യുവതികള്‍ 30 ലക്ഷം നഷ്‍ടപരിഹാരം നല്‍കണം

By Web TeamFirst Published Sep 18, 2021, 11:07 PM IST
Highlights

യുവതിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതായും ശേഷം ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടതായുമാണ് കോടതി രേഖകളില്‍ പറയുന്നത്. കാല് ഒടിയുകയും മറ്റ് ശരീര ഭാഗങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്‍ത പരാതിക്കാരി 20 ദിവസത്തിലധികം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.

അബുദാബി: തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകര്‍‌ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടത് കാരണം ഗുരുതരമായി പരിക്കേറ്റ യുവതിക്ക് അബുദാബിയില്‍ 1.5 ലക്ഷം ദിര്‍ഹം (30 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കാന്‍ വിധി. കേസിലെ പ്രതികളായ രണ്ട് യുവതികള്‍ ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്. അബുദാബിയിലെ വില്ലയില്‍ വെച്ചാണ് പരാതിക്കാരിയായ അറബ് യുവതിയെ സഹപ്രവര്‍ത്തകര്‍ തള്ളിയിട്ടത്.

യുവതിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതായും ശേഷം ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടതായുമാണ് കോടതി രേഖകളില്‍ പറയുന്നത്. കാല് ഒടിയുകയും മറ്റ് ശരീര ഭാഗങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്‍ത പരാതിക്കാരി 20 ദിവസത്തിലധികം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. കേസ് ആദ്യം പരിഗണിച്ച പ്രാഥമിക ക്രിമിനല്‍ കോടതി രണ്ട് പ്രതികള്‍ക്കും അഞ്ച് വര്‍ഷം വീതം ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരവും വിധിക്കുകയായിരുന്നു.

പ്രതികള്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ ആറ് മാസമാക്കി കുറച്ചു. എന്നാല്‍ താന്‍ നേരിട്ട ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പകരമായി രണ്ടര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സിവില്‍ ഹര്‍ജി നല്‍കി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തനിക്ക് മര്‍ദനമേറ്റ ശേഷം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി രണ്ട് പ്രതികളും ചേര്‍ന്ന് 50,000 ദിര്‍ഹം കൂടി പരാതിക്കാരിക്ക് നല്‍കണമെന്ന് വിധിച്ചു. ഇതോടെ ആകെ നഷ്ടപരിഹാരം ഒന്നര ലക്ഷം ദിര്‍ഹമാക്കി. ഒപ്പം പരാതിക്കാരിയുടെ കോടതി ചെലവുകള്‍ വഹിക്കാനും പ്രതികളോട് ആവശ്യപ്പെട്ടു. 
 

click me!