
അബുദാബി: ഗൾഫ് രാജ്യത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് ക്യാബിന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത നിരോധിത വസ്തുക്കളെ കുറിച്ച് വിവിധ രാജ്യങ്ങളിലെ അധികൃതരും വിമാന കമ്പനികളും നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. അടുത്തിടെ ക്യാബിനില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ എമിറേറ്റ്സ് എയര്‍ലൈനും സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഹാൻഡ് ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത നിരോധിത വസ്തുക്കള്‍ ഏതൊക്കെയാണെന്ന് യുഎഇ എയര്‍പോര്‍ട്ട് അധികൃതര്‍ മുമ്പും അറിയിച്ചിട്ടുണ്ട്. വിവിധ വിമാന കമ്പനികളും വ്യത്യസ്ത വസ്തുക്കള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യാത്ര പുറപ്പെടും മുമ്പ് യാത്ര പ്ലാന്‍ ചെയ്ത എയര്‍ലൈനുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
ദുബൈയിൽ ഹാന്‍ഡ് ബാഗേജില്‍ നിരോധിച്ച വസ്തുക്കള്‍
ചുറ്റികകൾ
ആണികൾ
സ്ക്രൂഡ്രൈവറുകളും മൂർച്ചയുള്ള മറ്റ് ഉപകരണങ്ങളും
6 സെന്‍റീമീറ്ററിൽ കൂടുതൽ നീളമുള്ള ബ്ലേഡുള്ള കത്രിക
വ്യക്തിഗത ഗ്രൂമിംഗ് കിറ്റ് (6 സെൻ്റിമീറ്ററിൽ കൂടുതൽ നീളമുള്ള ഭാഗങ്ങൾ കണ്ടുകെട്ടും)
വാളുകളും മൂർച്ചയുള്ള വസ്തുക്കളും
കൈവിലങ്ങുകൾ
തോക്കുകൾ
ഫ്ലെയർ ഗണ്ണുകളിലെ വെടിയുണ്ടകൾ
ലേസർ ഗണ്ണുകൾ
വാക്കി ടോക്കി
ലൈറ്ററുകൾ. (എന്നാൽ, യാത്രക്കാരന് കൈവശം ഒരു ലൈറ്റർ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.)
ബാറ്റുകൾ
മാർഷ്യൽ ആർട്സ് ആയുധങ്ങൾ
ഡ്രില്ലുകൾ
കയറുകൾ
അളക്കുന്ന ടേപ്പുകൾ
പാക്കിംഗ് ടേപ്പുകൾ
സ്വകാര്യ യാത്രകൾക്കായുള്ള ഇലക്ട്രിക്കൽ കേബിളുകൾ ഒഴികെ മറ്റുള്ളവ
ദുബൈയിലെ വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജുകളിലെ പ്രധാന നിയന്ത്രണങ്ങൾ
ദ്രാവകങ്ങൾ: അത്യാവശ്യമുള്ള ദ്രാവകങ്ങൾ മാത്രമേ കൈവശം കൊണ്ടുപോകാൻ പാടുള്ളൂ. ഒരു കണ്ടെയ്‌നറിലെ ദ്രാവകത്തിൻറെ അളവ് 100 മില്ലിലിറ്ററിൽ കൂടാൻ പാടില്ല. പരമാവധി 10 കണ്ടെയ്‌നറുകൾ, അതായത് ഒരു ലിറ്റർ വരെ ദ്രാവകങ്ങൾ കൊണ്ടുപോകാൻ അനുവാദമുണ്ട്.
മരുന്നുകൾ: യാത്രക്കാർ മരുന്നുകൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ, അതോടൊപ്പം ഡോക്ടറുടെ കുറിപ്പും ഉണ്ടായിരിക്കണം.
മെഡിക്കൽ ഉപകരണങ്ങൾ: ശരീരത്തിൽ ലോഹനിർമിതമായ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചവർ, അധികാരികൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പവർ ബാങ്കുകൾ: 100Wh-ൽ കൂടാത്ത ശേഷിയുള്ള പവർ ബാങ്കുകൾ കൈവശം വെക്കാം. 100Wh-നും 160Wh-നും ഇടയിലുള്ളവ വിമാനക്കമ്പനിയുടെ നിയമങ്ങൾക്കനുസരിച്ച് അനുവദിച്ചേക്കാം. എന്നാൽ, 160Wh-ൽ കൂടുതലുള്ള പവർ ബാങ്കുകൾ അനുവദനീയമല്ല. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കാനും പാടില്ല.
ഷാർജ വിമാനത്താവളത്തിലെ ക്യാബിൻ, ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ പൂർണമായും വിലക്കുള്ള സാധനങ്ങളും നിയന്ത്രിത സാധനങ്ങളും
ഷാർജയിൽ നിരോധിച്ച വസ്തുക്കൾ
ബാറ്റുകളും വടികളും: ബില്ലി ക്ലബ്, ബേസ്ബോൾ ബാറ്റ് പോലുള്ള വസ്തുക്കൾ.
തീ പിടിക്കുന്ന വാതകങ്ങൾ: ഗ്യാസ് കാട്രിഡ്ജുകൾ, ഗ്യാസ് ലൈറ്ററുകൾ.
വെള്ളവുമായി ചേർന്നാൽ അപകടമുണ്ടാക്കുന്ന സാധനങ്ങൾ: കാൽസ്യം, കാൽസ്യം കാർബൈഡ്, ആൽക്കലി എർത്ത് മെറ്റൽ അലോയ്.
തീ പിടിക്കുന്ന ഖരവസ്തുക്കൾ: തീപ്പെട്ടി, സൾഫർ, മെറ്റൽ കാറ്റലിസ്റ്റ്.
രാസവസ്തുക്കളും ജൈവ ഏജന്റുകളും: സൾഫർ, വസൂരി, ഹൈഡ്രജൻ സയനൈഡ്, വൈറൽ ഹെമറാജിക് ഫീവർ.
രാസ/ജൈവ ആക്രമണ ഭീഷണി ഉയർത്താൻ സാധ്യതയുള്ള വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ വിമാനത്താവള അധികാരികളെയോ, പൊലീസിനെയോ, സൈന്യത്തെയോ അറിയിക്കുകയും പൊതു ടെർമിനലിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യും.
തീ പിടിക്കുന്ന ദ്രാവകങ്ങളും രാസവസ്തുക്കളും: ഗ്യാസലൈൻ, പെയിന്റ്, വെറ്റ് ബാറ്ററികൾ, പ്രിന്റിംഗ് മഷി, ഉയർന്ന ആൽക്കഹോൾ ഉള്ള പാനീയങ്ങൾ, ഓയിൽ ലൈറ്റർ.
തോക്കുകൾ: ഷോട്ടുകൾ, ബുള്ളറ്റുകൾ അല്ലെങ്കിൽ മറ്റ് മിസൈലുകൾ വെടിവയ്ക്കാൻ കഴിയുന്ന ഏതൊരു ആയുധവും, സ്റ്റാർട്ടർ, ഫ്ലെയർ പിസ്റ്റളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മൂർച്ചയുള്ള വസ്തുക്കൾ: 6സെന്‍റീമീറ്ററിൽ കൂടുതൽ നീളമുള്ള ബ്ലേഡുകളുള്ള കത്തികൾ, യുഎഇ നിയമം നിയമവിരുദ്ധമായി കണക്കാക്കുന്ന കത്തികൾ, സബർ, വാളുകൾ, കാർഡ്ബോർഡ് കട്ടറുകൾ, ഹണ്ടിംഗ് കത്തികൾ, സുവനീർ കത്തികൾ, മാർഷ്യൽ ആർട്സ് ഉപകരണങ്ങൾ.
ഓക്സിഡൈസറുകൾ: സോഡിയം ക്ലോറേറ്റ്, ബ്ലീച്ച്, അമോണിയം നൈട്രേറ്റ് വളം എന്നിവ. എന്നിരുന്നാലും, കാർഗോ വിമാനങ്ങളിൽ ഇവ കൊണ്ടുപോകാം.
തീ പിടിക്കാത്തതും വിഷമില്ലാത്തതുമായ വാതകങ്ങൾ: ഡൈവിംഗ് ടാങ്കുകൾ, ഫയർ എക്സ്റ്റിംഗ്യൂഷറുകൾ, കംപ്രസ്ഡ് ഓക്സിജൻ.
റേഡിയോആക്ടീവ് വസ്തുക്കൾ: വിവിധതരം റേഡിയോ ന്യൂക്ലൈഡുകൾ ഇതിൽ ഉൾപ്പെടുന്നു.
വിഷമുള്ള വാതകങ്ങളും പദാർത്ഥങ്ങളും: കാർബൺ മോണോക്സൈഡ്, അമോണിയ ലായനി. എന്നിരുന്നാലും, കാർഗോ വിമാനങ്ങളിൽ ഇവ കൊണ്ടുപോകാം.
സാംക്രമിക രോഗങ്ങൾ: ബാക്ടീരിയകൾ, വൈറസുകൾ, മെഡിക്കൽ മാലിന്യങ്ങൾ.
സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും: പടക്കങ്ങൾ, ഡിസ്ട്രസ് സിഗ്നലുകൾ, ബ്ലാസ്റ്റിംഗ് ക്യാപ്സ്.
അപകടകരമായ വസ്തുക്കൾ: പോളിമെറിക് ബീഡ്സ്, ഇൻ്റേണൽ കമ്പഷൻ എഞ്ചിനുകൾ.
സംശയാസ്പദമായ വസ്തുക്കൾ: സ്ഫോടകവസ്തുക്കൾക്ക് സമാനമായതോ ആയുധങ്ങൾക്ക് സമാനമായതോ ആയ വസ്തുക്കൾ.
അപകടകരമായ മറ്റ് വസ്തുക്കൾ: ഐസ് പിക്കുകൾ, ആൽപെൻസ്റ്റോക്കുകൾ, കളിപ്പാട്ട തോക്കുകൾ, കത്രിക, ബ്ലേഡുകൾ എന്നിവ. ഇവയെല്ലാം ആയുധമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്.
പ്രവർത്തനരഹിതമാക്കുന്ന വസ്തുക്കൾ: ടിയർ ഗ്യാസ്, മേസ്, മറ്റ് സമാനമായ രാസവസ്തുക്കളും വാതകങ്ങളും, ഇലക്ട്രോണിക് ഷോക്ക് നൽകുന്ന ഉപകരണങ്ങൾ.
ഓർഗാനിക് പെറോക്സൈഡ്.
നിയന്ത്രിത സാധനങ്ങൾ
ദ്രാവകങ്ങൾ: പരിമിതമായ അളവിൽ മാത്രമേ ദ്രാവകങ്ങൾ കൊണ്ടുപോകാൻ പാടുള്ളൂ (100ml വരെ). ഇതിൽ ടോയ്ലറ്ററികൾ, പാനീയങ്ങൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, തണുത്തുറഞ്ഞ ദ്രാവകങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ കുപ്പികൾ 20cm x 20cm വലുപ്പമുള്ളതും വീണ്ടും അടയ്ക്കാവുന്നതുമായ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ വെച്ച് എക്സ്-റേ സ്ക്രീനിംഗ് പോയിന്റിൽ ഉദ്യോഗസ്ഥരെ കാണിക്കണം.
മരുന്നുകളും പ്രത്യേക ഭക്ഷണസാധനങ്ങളും: കുഞ്ഞുങ്ങളുടെ ഭക്ഷണം, മരുന്നുകൾ എന്നിവ പ്രത്യേകമായി കരുതണം. മരുന്നുകൾക്ക് ആധികാരികത തെളിയിക്കാൻ ഡോക്ടറുടെ കുറിപ്പോ മറ്റ് രേഖകളോ അധികാരികൾ ആവശ്യപ്പെട്ടേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ