യുഎഇയിലെ കമ്പനികളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ ഉത്തരവിട്ട് ശൈഖ് ഖലീഫ

By Web TeamFirst Published Nov 23, 2020, 7:28 PM IST
Highlights

ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കും.

അബുദാബി: യുഎഇയിലെ കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക്  മുഴുവന്‍ ഉടമസ്ഥാവകാശവും നല്‍കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. സ്വദേശികളെ സ്‌പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകത ഇതോടെ യുഎഇ ഒഴിവാക്കി. 

അടുത്തമാസം ഒന്ന് മുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കും. യുഎഇയില്‍ ശാഖകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും സ്വദേശി സ്പോണ്‍സറില്ലാതെ ഇത് സാധ്യമാക്കാനുള്ള അനുവാദവും പുതിയ ഉത്തരവില്‍ ഉള്‍പ്പെടുന്നു. നിലവിൽ ഫ്രീസോണുകളിൽ മാത്രമാണ് പ്രവാസികൾക്ക് സമ്പൂർണ ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടായിരുന്നത്. തീരുമാനം മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസമാകും  

എന്നാൽ എണ്ണഖനനം, ഊർജോൽപ്പാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ തുടരും. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങൾക്ക് വിൽക്കാം. നേരത്തെ 30 ശതമാനം ഷെയറുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാൽ കമ്പനികളുടെ ചെയർമാനും സീനിയർ ഉദ്യോഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നു. നിക്ഷേപങ്ങളും പ്രോജക്ടുകളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കമ്പനി ഉടമസ്ഥാവകാശ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. 
click me!