
അബുദാബി: നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കും. തീയ്യതി ദീര്‍ഘിപ്പിക്കാന്‍ സാധ്യത കാണുന്നില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും നിരവധിപേര്‍ അവസരം ഉപയോഗപ്പെടുത്താന്‍ തയ്യാറായില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ചെക്കുകേസുകളില്‍ കഴിയുന്നതിനാല്‍ പൊതുമാപ്പ് ആനുകൂല്യം തേടി പോകുമ്പോള്‍ പോലീസിന്റെ പിടിയിലാകുമോയെന്ന ഭയമാണ് പലരേയും പിന്തിരിപ്പിക്കുന്നത്. അനധികൃത താമസക്കാര്‍ എത്രയും വേഗം രാജ്യം വിട്ടു പോവുകയോ താമസം നിയമ വിധേയമാക്കുകയോ ചെയ്യണമെന്ന് താമസകാര്യവിഭാഗം ഡയറക്ടറര്‍ ബ്രിഗേഡിയര്‍ സയിദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു. മലയാളികളടക്കം ആയിരകണക്കിന് വിദേശികള്‍ ആനുകൂല്യം ഉപയോഗപ്പെടുത്താതെ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. ബാങ്ക് വായ്പ, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ മുടങ്ങിയവരാണ് പ്രധാനമായും പൊതുമാപ്പിനായി സേവന കേന്ദ്രങ്ങളെ സമീപിക്കാന്‍ ഭയക്കുന്നത്.
ഇത്തരക്കാര്‍ നാട്ടില്‍ നിന്നെങ്കിലും പണം തരപ്പെടുത്തി പിഴസംഖ്യ അടച്ച് കേസ് തീര്‍പ്പാക്കിയില്ലെങ്കില്‍ വരും നാളുകള്‍ സങ്കീര്‍ണമാകും. പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ രാജ്യത്തു തുടരുന്നവർ പിടിക്കപ്പെട്ടാൽ കനത്ത പിഴയും ശിക്ഷയുമുണ്ടായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. നിയമലംഘകരെ ജോലിക്കുവെയ്ക്കുന്ന കമ്പനി ഉടമയ്ക്ക് ഓരോ വ്യക്തിക്കും അരലക്ഷം ദിർഹം വീതം പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഒരുലക്ഷം ദിർഹമാക്കും. പൊതുമാപ്പ് കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്നും താമസകാര്യവകുപ്പ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam