പ്രവാസികള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം

By Web TeamFirst Published Apr 1, 2019, 11:08 AM IST
Highlights

പുതിയ ഉത്തരവോടെ ഏത് തരത്തിലുള്ള ജോലി ചെയ്യുന്നവരാണെങ്കിലും കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള വരുമാനമുണ്ടെങ്കില്‍ കുടുംബ വിസ ലഭിക്കും. എന്നാല്‍ ഇതിനുള്ള വരുമാന പരിധി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. 

അബുദാബി: പ്രവാസികള്‍ക്ക് യുഎഇയില്‍ കുടുംബ വിസ ലഭിക്കാന്‍ ഇനി വരുമാനം മാത്രമായിരിക്കും മാനദണ്ഡം. ഞായറാഴ്ച ചേര്‍ന്ന യുഎഇ ക്യാബിനറ്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ ചില ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് വരുമാനം അടിസ്ഥാനമാക്കി കുടുംബ വിസ ലഭിക്കുന്നത്.

ഏത് ജോലി ചെയ്യുന്നവര്‍ക്കും കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള വരുമാനമുണ്ടെങ്കില്‍ ഫാമിലി വിസ നല്‍കാനാണ് യുഎഇയുടെ പുതിയ തീരുമാനം. ഇപ്പോഴത്തെ രീതിയനുസരിച്ച് പുരുഷന്‍മാരില്‍ മാസം 4000 ദിര്‍ഹം ശമ്പളം വാങ്ങുന്നവര്‍ക്കോ അല്ലെങ്കില്‍ 3000 ദിര്‍ഹവും താമസ സൗകര്യവും കമ്പനി നല്‍കുന്നവര്‍ക്കോ മാത്രമാണ് കുടുംബ വിസ ലഭിക്കുന്നത്. ഇത് തന്നെ ചില വിഭാഗങ്ങളില്‍ പെട്ട ജോലികളിലുള്ളവര്‍ക്ക് മാത്രമാണ്.  ഗാര്‍ഹിക തൊഴിലാളികള്‍ പോലുള്ളവര്‍ക്ക് എത്ര വരുമാനമുണ്ടെങ്കിലും നിലവില്‍ കുടുംബത്തെ കൊണ്ടുവരാന്‍ അനുവാദമുണ്ടായിരുന്നില്ല.

സ്ത്രീകളാണെങ്കില്‍ അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍, ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 4000 ദിര്‍ഹം വരുമാനം വേണം. മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 10,000 ദിര്‍ഹം വരുമാനവും റെസിഡന്‍സി ജനറല്‍ ഡയറക്ടറേറ്റില്‍ നിന്ന് പ്രത്യേക അനുമതിയും ആവശ്യമായിരുന്നു.

പുതിയ ഉത്തരവോടെ ഏത് തരത്തിലുള്ള ജോലി ചെയ്യുന്നവരാണെങ്കിലും കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള വരുമാനമുണ്ടെങ്കില്‍ കുടുംബ വിസ ലഭിക്കും. എന്നാല്‍ ഇതിനുള്ള വരുമാന പരിധി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രവാസി തൊഴിലാളികളുടെ കുടുംബ-സാമൂഹിക ഭദ്രത ഉറപ്പുവരുത്താനും കഴിവുള്ള വിദഗ്ദ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. പ്രവാസി തൊഴിലാളികളുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കുമെന്നാണ് യുഎഇ മന്ത്രസഭ വ്യക്തമാക്കുന്നത്.

ഒപ്പം പ്രവാസികളുടെ കുടുംബാംഗങ്ങള്‍ കൂടി മറ്റ് തൊഴിലുകള്‍ അന്വേഷിക്കുകയും ജോലികളില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ വിദേശത്ത് നിന്ന് കൂടുതല്‍ പേരെ ജോലിക്ക് നിയമിക്കേണ്ടി വരികയുമില്ല. പ്രവാസികളുടെ കുടുംബങ്ങള്‍ കൂടി അവര്‍ക്കൊപ്പം എത്തുമ്പോള്‍ മെച്ചപ്പെട്ട തൊഴില്‍-സാമൂഹിക അന്തരീക്ഷമുണ്ടാവുമെന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാവുമെന്നുമാണ് യുഎഇ കണക്കാക്കുന്നത്.

click me!