യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published May 14, 2020, 5:33 PM IST
Highlights

24 മണിക്കൂറിനിടെ 37,000ല്‍ അധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെ 208 പേര്‍ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 6930 പേര്‍ക്കാണ് രോഗം ഭേദമായത്. 

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 698 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,084 ആയി. ചികിത്സയിലുണ്ടായിരുന്ന 407 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

24 മണിക്കൂറിനിടെ 37,000ല്‍ അധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെ 208 പേര്‍ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 6930 പേര്‍ക്കാണ് രോഗം ഭേദമായത്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു‍. ട്രാം, ജലായന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. പാര്‍ക്കുകള്‍, ഹോട്ടല്‍ ബീച്ചുകള്‍ എന്നിവ തുറന്നു. പാര്‍ക്കുകളില്‍ ഒരുമിച്ച് അഞ്ചു പേരില്‍ കൂടുതല്‍ അനുവദിക്കില്ല. 

വാട്ടര്‍ സ്‌പോര്‍ട്‌സ്, സൈക്ലിങ് തുടങ്ങിയവയ്ക്കും കൊവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള പരമോന്നത സമിതി അനുമതി നല്‍കി. ഹോട്ടലുകളുടെ ബീച്ചില്‍ താമസക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കണം. പൊതു ബീച്ചുകളിലെ പ്രവേശനത്തിനും പൊതു-സ്വകാര്യ വേദികളിലെ വിരുന്നുകള്‍ക്കും വിലക്ക് തുടരും. നിയന്ത്രണങ്ങള്‍ക്ക് ഘട്ടം ഘട്ടമായാണ് ദുബായില്‍ ഇളവുകള്‍ നല്‍കുന്നത്. ജിമ്മുകള്‍, ഫിറ്റ്‌നെസ് സെന്ററുകള്‍, സ്പാ, നീന്തല്‍ കുളങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളും തുടരും. സന്ദര്‍ശകരുടെ ശരീരോഷ്മാവ് മനസ്സിലാക്കാന്‍ എല്ലാ സ്ഥാപനങ്ങളിലും തെര്‍മല്‍ സ്‌കാനറുകള്‍ ഉണ്ടായിരിക്കണം. 

ട്രാം, ജലയാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. ട്രാം യാത്രയ്ക്ക് 30 മിനിറ്റ് മുമ്പ് സ്റ്റേഷനില്‍ എത്തണമെന്ന് ആര്‍ടിഎ അറിയിച്ചു. ട്രാമുകള്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴു മണി മുതല്‍ രാത്രി 11 വരെ സര്‍വ്വീസ് നടത്തും. വെള്ളിയാഴ്ച സര്‍വ്വീസ് രാവിലെ 10 മണി മുതല്‍ രാത്രി 11 മണി വരെയാണ്. ജലയാനങ്ങള്‍ രാവിലെ 8.30 മുതല്‍ രാത്രി 9 മണി വരെയാണ് സര്‍വ്വീസ് നടത്തുന്നത്. 

click me!