യുഎഇയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ അനുമതി

By Web TeamFirst Published May 22, 2020, 4:37 PM IST
Highlights

സംസ്ഥാനത്തിലെ അതേ ടൈംടേബിള്‍ പ്രകാരമാണ് പരീക്ഷകള്‍ നടത്തുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്ന് വിവിധ സ്‌കൂളുകള്‍ക്ക് യുഎഇ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അബുദാബി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ യുഎഇയില്‍ അനുമതി. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താനാണ് യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മെയ് 26 മുതല്‍ 30 വരെയാണ് യുഎഇയിലും പരീക്ഷകള്‍ നടക്കുക.

സംസ്ഥാനത്തിലെ അതേ ടൈംടേബിള്‍ പ്രകാരമാണ് പരീക്ഷകള്‍ നടത്തുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്ന് വിവിധ സ്‌കൂളുകള്‍ക്ക് യുഎഇ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ നടത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും പരീക്ഷാ കേന്ദ്രം, വിദ്യാര്‍ത്ഥികളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, മുന്‍കരുതല്‍ നടപടികള്‍ എന്നിവ വ്യക്തമാക്കി സ്‌കൂളുകള്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങണം. സ്‌കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ മാത്രമെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്താവൂ. പരീക്ഷാ കേന്ദ്രങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കണം. 

 പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ സ്റ്റാഫ് ഉണ്ടായിരിക്കണം, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ ശരീരോഷ്മാവ് അളക്കാനായി സ്‌കൂള്‍ കവാടത്തില്‍ തന്നെ സംവിധാനം ഏര്‍പ്പെടുത്തണം, സ്‌കൂള്‍ ടോയ്‌ലറ്റുകള്‍ ഓരോ തവണ ഉപയോഗിച്ചതിന് ശേഷവും അണുവിമുക്തമാക്കണം തുടങ്ങിയ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് പരീക്ഷകള്‍ക്ക് മുന്നോടിയായി യുഎഇയില്‍ നല്‍കിയിട്ടുള്ളത്. 

click me!