യുഎഇ റോഡുകളിലെ വേഗത; സുപ്രധാന പരിഷ്കാരത്തിന് നിര്‍ദ്ദേശം

By Web TeamFirst Published Sep 5, 2018, 6:53 PM IST
Highlights

എല്ലാ എമിറേറ്റുകളിലും ഒരേ വേഗപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്ററുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സാഫിന്‍ പറഞ്ഞു.

ദുബായ്: റോഡുകളിലെ വേഗത നിയന്ത്രണത്തിന് രാജ്യം മുഴുവന്‍ ഒരു ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ യുഎഇ ആലോചിക്കുന്നു. വേഗതാ പരിധികളും വേഗത നിയന്ത്രണവും എല്ലാ എമിറേറ്റുകളിലും ഒരുപോലെയാക്കാനാണ് പദ്ധതി. ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബില്‍ ചേര്‍ന്ന ഫെ‍ഡറല്‍ ട്രാഫിക് കൗണ്‍സില്‍ യോഗത്തിലാണ് ഇത്തരമൊരു ചര്‍ച്ച നടന്നത്.

എല്ലാ എമിറേറ്റുകളിലും ഒരേ വേഗപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്ററുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സാഫിന്‍ പറഞ്ഞു. അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്ന തരത്തില്‍ വളരെ കൃത്യമായി വേഗ നിയന്ത്രണം നടപ്പാക്കാന്‍ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ എമിറേറ്റുകളിലെ ഉദ്ദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് ഇക്കാര്യവും ചെര്‍ച്ച ചെയ്തു. രാജ്യത്തെ റോഡ് അപകടങ്ങളുടെ വിവരവും ചര്‍ച്ചാവിഷയമായി. 2018 ജനുവരി ഒന്നു മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അപകടങ്ങളുടെ എണ്ണത്തില്‍ എട്ട് ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുഎഇ ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ ആവശ്യമായ ഭേദഗതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

click me!