വിമാന വിലക്ക് നീക്കിയിട്ടില്ലെന്ന് യുഎഇ; താത്കാലിക അനുമതി തിരികെ പോകാന്‍ മാത്രം

By Web TeamFirst Published Apr 3, 2020, 1:41 PM IST
Highlights

യുഎഇയിലുള്ള സന്ദര്‍ശകര്‍ക്കോ താമസക്കാര്‍ക്കോ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കായാണ് താത്കാലിക സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയം നിര്‍ദേശിക്കുന്ന എല്ലാ സുരക്ഷാ മുന്‍കരതലുകളും ഉറപ്പാക്കിക്കൊണ്ടായിരിക്കും അത്തരം യാത്രകള്‍ അനുവദിക്കുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അബുദാബി: യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്ന വിമാന യാത്രാ വിലക്ക് നീക്കിയിട്ടില്ലെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് താത്കാലിക അനുമതി നല്‍കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോരിറ്റി ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങിലേക്ക് തിങ്കളാഴ്ച മുതല്‍ പ്രത്യേക സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി യുഎഇയിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചിരിക്കുന്നത്. എന്നാല്‍ യുഎഇയിലുള്ള സന്ദര്‍ശകര്‍ക്കോ താമസക്കാര്‍ക്കോ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കായാണ് താത്കാലിക സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയം നിര്‍ദേശിക്കുന്ന എല്ലാ സുരക്ഷാ മുന്‍കരതലുകളും ഉറപ്പാക്കിക്കൊണ്ടായിരിക്കും അത്തരം യാത്രകള്‍ അനുവദിക്കുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചതായി കഴിഞ്ഞ ദിവസം എമിറേറ്റ്സ് അറിയിച്ചിരുന്നു.

അനുമതി കിട്ടിയതിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് ലണ്ടന്‍ ഹീത്രു, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, ബ്രസല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ വിമാനങ്ങള്‍.  ലണ്ടനിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും മറ്റ് നഗരങ്ങളിലേക്ക് മൂന്ന് സര്‍വീസുകളുമുണ്ടാകും. വെബ്‍സൈറ്റ് വഴി ബുക്കിങും തുടങ്ങിയിട്ടുണ്ട്. തിരികെയുള്ള സര്‍വീസുകള്‍ ഉണ്ടാവില്ല.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസുകളെല്ലാം. യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രമേ നിലവില്‍ യാത്രചെയ്യാനാവൂ. ചരക്കുകള്‍ കൊണ്ടുപോകുന്നതിനും ഇതേവിമാനങ്ങള്‍ തന്നെ ഉപയോഗിക്കും. അതത് രാജ്യങ്ങളില്‍ പ്രവേശനാനുമതിയുള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. വിമാന സര്‍വീസുകള്‍ നിര്‍ത്തിയ സമയത്ത് യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരികെ അതത് രാജ്യങ്ങളിലെത്താനുള്ള സൌകര്യമൊരുക്കുകയാണെന്ന് എമിറേറ്റ്സ് അറിയിച്ചു. 

ബോയിങ് 777-300ER വിമാനങ്ങളായിരിക്കും സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. ബിസിനസ്, ഇക്കണോമി ക്ലാസുകളിലേക്ക് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാവും. സുരക്ഷ മുന്‍നിര്‍ത്തി വിമാനങ്ങളില്‍ മാഗസിനുകള്‍ നല്‍കില്ല. ഭക്ഷണം വിതരണം ചെയ്യുമെങ്കിലും പരസ്പരം സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള കര്‍ശന മുന്‍കരുതലുകളെക്കും. വിമാനങ്ങളെ അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

click me!