യെമനിലുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു

By Web TeamFirst Published Oct 12, 2021, 4:41 PM IST
Highlights

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നതും മാനുഷിക മൂല്യങ്ങളെയും തത്വങ്ങളെയും എതിര്‍ക്കുന്നതുമായ ആക്രമണങ്ങളെയും യുഎഇ നിരാകരിക്കുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

അബുദാബി: യെമനിലുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു. യെമനിലെ ഏദന്‍ ഗവര്‍ണറുടെയും ഫിഷറീസ് മന്ത്രിയുടെയും വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഞായറാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്. ആറുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നതും മാനുഷിക മൂല്യങ്ങളെയും തത്വങ്ങളെയും എതിര്‍ക്കുന്നതുമായ ആക്രമണങ്ങളെയും യുഎഇ നിരാകരിക്കുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാനും യെമനില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കാനുമുള്ള സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലേക്കുള്ള മാര്‍ഗം രൂപീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

യെമനിലുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യയും അപലപിച്ചു. നിയമാനുസൃത യെമന്‍ സര്‍ക്കാരിനെതിരെ മാത്രമല്ല, സമാധാനവും സ്ഥിരതയും സമൃദ്ധിയും ആഗ്രഹിക്കുന്ന മുഴുവന്‍ യെമന്‍ ജനതയ്ക്ക് നേരെയുമാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദി അറേബ്യ ആദ്യം മുതല്‍ യെമനിനും യെമന്‍ ജനതയ്ക്കും ഒപ്പമാണ് നിലകൊള്ളുന്നത്. അത് തുടരുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

click me!