യുവതിക്ക് മാനസിക രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; വിവാഹമോചന ഹര്‍ജി തള്ളി യുഎഇ കോടതി

By Web TeamFirst Published Sep 2, 2021, 6:00 PM IST
Highlights

38 വയസുകാരിയായ ഓസ്‍ട്രേലിയന്‍ സ്വദേശിനിയാണ് 2019 ജൂണില്‍ വിവാഹമോചനവും കുട്ടികളുടെ സംരക്ഷണാവകാശവും ജീവനാംശവും തേടി കോടതിയെ സമീപിച്ചത്.

ദുബൈ: വിദേശ യുവതിക്ക് വിവാഹമോചനവും കുട്ടികളുടെ സംരക്ഷാധികാരവും അനുവദിച്ചുകൊണ്ടുള്ള കീഴ്‍കോടതി വിധി, ദുബൈയിലെ പരമോന്നത കോടതി റദ്ദാക്കി. പരാതിക്കാരിക്ക് മാനസിക രോഗമുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് കോടതിയുടെ നടപടി.

38 വയസുകാരിയായ ഓസ്‍ട്രേലിയന്‍ സ്വദേശിനിയാണ് 2019 ജൂണില്‍ വിവാഹമോചനവും കുട്ടികളുടെ സംരക്ഷണാവകാശവും ജീവനാംശവും തേടി കോടതിയെ സമീപിച്ചത്. 40 വയസുകാരനായ ഭര്‍ത്താവ് തന്നെയും അഞ്ചും ഏഴും വയസുള്ള മക്കളെയും  ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പരാതി. 2019 ജനുവരി മുതല്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ അദ്ദേഹം നിറവേറ്റുന്നില്ലെന്നും, തന്നെ മാനസിക രോഗാശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്‍ത ശേഷം കുട്ടികളെയും കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചിരുന്നു. ഇത് പരിഗണിച്ച ദുബൈ പേഴ്‍സണല്‍ സ്റ്റാറ്റസ് കോടതി, യുവതിക്ക് വിവാഹമോചനവും കുട്ടികളുടെ സംരക്ഷാണവകാശവും അനുവദിക്കുകയും ജീവനാംശം നല്‍കാന്‍ ഉത്തരവിടുകയും ചെയ്‍തു. 

എന്നാല്‍ ഉത്തരവ് ചോദ്യം ചെയ്‍ത ഭര്‍ത്താവ് പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കി. താന്‍ കുടുംബത്തെ സ്‍നേഹിക്കുന്നുണ്ടെന്നും അവരോടൊപ്പമല്ലാതെ യുഎഇ വിട്ട് പോകില്ലെന്നും കോടതിയെ അറിയിച്ചു. ദുബൈ റാഷിദ് ഹോസ്‍പിറ്റല്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസിക രോഗമുണ്ടെന്നും ഇത് കാരണം മാനസിക നിലയിലും ഊര്‍ജത്തിലും ചിന്തകളിലും സ്വഭാവത്തിലും അടിക്കടി മാറ്റങ്ങള്‍ ഉണ്ടാമെന്നും വ്യക്തമാക്കിയിരുന്നു.

ഭാര്യയ്‍ക്ക് അസുഖം ഗുരുതരമാവുമെന്ന് തനിക്ക് പേടിയുണ്ടെന്നും ഓസ്‍‌ട്രേലിയയില്‍വെച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ചില്ലെന്നും ഇതാണ് സ്ഥിതി മോശമാവാന്‍ കാരണമെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. നാട്ടിലേക്ക് തിരിച്ചുപോയി ചികിത്സ തുടരാമെന്നും യുവതിയുടെ ക്യാന്‍സര്‍ ബാധിതയായ അമ്മയോടൊപ്പം താമസിക്കാമെന്നും താന്‍ നിര്‍ദേശിച്ചുവെങ്കിലും അതും ഭാര്യ അംഗീകരിച്ചില്ലെന്ന് ഇയാള്‍ പറഞ്ഞു. കുട്ടികള്‍ മാതാപിതാക്കള്‍ രണ്ട് പേരുടെയും ഒപ്പം വളരണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരമോന്നത കോടതി വിവാഹ മോചനം റദ്ദാക്കിയത്.

click me!