
അബുദാബി: ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് നിലവില്‍ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളില്‍ സിനോഫാം, ആസ്‍ട്രസെനിക, മൊഡേണ, സ്‍പുട്‍നിക്, ഫൈസര്‍ ബയോഎന്‍ടെക് എന്നീ വാക്സിനുകള്‍ എടുത്തവര്‍ക്കും പ്രവേശന അനുമതിയില്ല.
കഴിഞ്ഞയാഴ്‍ചയാണ് ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയിലേക്ക് വരാനുള്ള അനുമതി ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് യുഎഇ അംഗീകരിച്ച വാക്സിനെടുത്തവര്‍ക്ക് മടങ്ങിപ്പോകാനാകുമോ എന്ന വിവരം അന്വേഷിച്ച് നിരവധിപ്പേരാണ് വിമാനക്കമ്പനികളെ സമീപിച്ചത്. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഇത്തരത്തിലെ അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്.
യുഎഇയില്‍ വെച്ചുതന്നെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് യുഎഇയിലെ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങള്‍ നല്‍കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമാണ് നലവില്‍ പ്രവേശന അനുമതി നല്‍കുന്നതെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. അതേസമയം നിബന്ധനകളില്‍ മാറ്റം വരാമെന്നും ഏറ്റവും പുതിയ അറിയിപ്പുകള്‍ക്കായി ഔദ്യോഗിക വെബ്‍സൈറ്റ് സന്ദര്‍ശിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam