അടുത്ത 50 വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ രൂപീകരിക്കാനൊരുങ്ങി യുഎഇ

By Web TeamFirst Published Dec 17, 2020, 12:02 PM IST
Highlights

നൂതന ആശയങ്ങളിലൂടെ രാജ്യത്തിന്റെ ഭാവിക്കായി പ്രവര്‍ത്തിക്കുന്ന പൗരന്മാരുടെ സമര്‍പ്പണ മനോഭാവത്തില്‍ അഭിമാനിക്കുന്നെന്നും ഇതിലൂടെ രാജ്യത്തിന്റെ വികസനം തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

അബുദാബി: രാജ്യത്തെ കഴിവും വൈദഗ്ധ്യവുമുള്ള പൗരന്മാരുടെ കാഴ്ചപ്പാടും ആശയങ്ങളും പുനര്‍വ്യാഖ്യാനം ചെയ്ത് അടുത്ത 50 വര്‍ഷത്തെ വികസന പദ്ധതികള്‍ക്ക് യുഎഇ രൂപം നല്‍കി വരുന്നതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. ഗവണ്‍മെന്റ്  ഡിസൈന്‍ സിഇഒമാരെ ആദരിക്കുന്നതിനായി അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂതന ആശയങ്ങളിലൂടെ രാജ്യത്തിന്റെ ഭാവിക്കായി പ്രവര്‍ത്തിക്കുന്ന പൗരന്മാരുടെ സമര്‍പ്പണ മനോഭാവത്തില്‍ അഭിമാനിക്കുന്നെന്നും ഇതിലൂടെ രാജ്യത്തിന്റെ വികസനം തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവിക്കായി മികച്ച ആശയങ്ങള്‍ രൂപീകരിക്കാനും വെല്ലുവിളികളെ നേരിടാനും പ്രാപ്തരായ ഗവണ്‍മെന്റ് ഡിസൈന്‍ വിദഗ്ധരെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളും മികച്ചതാക്കാനും ജീവിതം മെച്ചപ്പെടുത്താനുള്ള നവീന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

click me!