
അബുദാബി: ആറ് മാസം കാലാവധിയുള്ള തൊഴിലന്വേഷക വിസയില്‍ രാജ്യത്ത് തുടരുന്നവര്‍ വിസയുടെ കാലാവധി ശ്രദ്ധിക്കണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പ് ആവശ്യപ്പെട്ടു. തൊഴിലന്വേഷകര്‍ വിസ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊതുമാപ്പ് പ്രാബല്യത്തിലിരുന്നപ്പോള്‍ അനുവദിച്ച ആറ് മാസത്തെ താല്‍കാലിക തൊഴിലന്വേഷക വിസയ്ക്ക് സ്പോണ്‍സറെ ആവശ്യമില്ല. എന്നാല്‍ ഈ വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുകയില്ല. ഇത്തരം വിസയിലുള്ളവര്‍ ഇതിനോടകം ജോലി നേടിയിട്ടുണ്ടെങ്കില്‍ സ്പോണ്‍സറുടെ കീഴിലുള്ള തൊഴില്‍ വിസയിലേക്ക് മാറണം. അല്ലെങ്കില്‍ വിസ കാലാവധി അവസാനിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങണം. കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്നത് വലിയ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാനും നാടുകടത്തപ്പെടാനും കാരണമാവും.
തൊഴിലന്വേഷക വിസാ നിയമങ്ങള്‍ ലംഘിക്കുന്നത് റെസിഡന്‍സ് വിസ നിയമലംഘനത്തിന് തുല്യമായാണ് കണക്കാക്കുന്നത്. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ ആദ്യ ദിവസം 100 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസവും 25 ദിര്‍ഹം വീതവും പിഴ ഈടാക്കും. ഇത്തരം വിസകളിലുള്ളവരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും വിസ മാറ്റാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം 50,000 ദിര്‍ഹം പിഴ ലഭിക്കും. 2018 ഡിസംബറില്‍ അനുവദിച്ച തൊഴിലന്വേഷക വിസകളുടെ കാലാവധി 2019ല്‍ ജൂണില്‍ അവസാനിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam