ഇറാന്‍റെ മിസൈൽ മഴയിൽ പ്രതിരോധം പാളിയില്ല, വീഡിയോ പുറത്തുവിട്ട് മന്ത്രാലയം; നൂറിലേറെ ബാലിസ്റ്റിക് മിസൈലുകളടക്കം തകർത്തെന്ന് യുഎഇ

Published : Mar 04, 2026, 12:41 PM IST
uae defense

Synopsis

ഇറാന്‍റെ ഭാഗത്ത് നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തതായി യുഎഇ അറിയിച്ചു. ഈ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

അബുദാബി: ഇറാന്‍റെ ഭാഗത്ത് നിന്നുള്ള ആക്രമണം ദിവസങ്ങൾ പിന്നിടുമ്പോള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം അതീവ കരുത്തോടെ പ്രതിരോധം തുടരുന്നതായി യുഎഇ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാന്‍റെ ആക്രമണങ്ങള്‍ വിജയകരമായി തകർക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎഇ പ്രതിരോധ മന്ത്രാലയം. ചൊവ്വാഴ്ച മാത്രം 11 ബാലിസ്റ്റിക് മിസൈലുകളും 123 ഡ്രോണുകളും യുഎഇ വിജയകരമായി തകർത്തു. ഒരു മിസൈൽ രാജ്യത്തിനകത്ത് പതിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആക്രമണം നാല് ദിവസം പിന്നിടുമ്പോൾ യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ആകെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇറാന്‍റെ ആക്രമണം ആരംഭിച്ചത് മുതൽ രാജ്യത്തിന് നേരെ തൊടുത്തുവിട്ടത് 186 ബാലിസ്റ്റിക് മിസൈലുകളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 172 മിസൈലുകൾ നശിപ്പിച്ചു. 13 എണ്ണം കടലിൽ പതിച്ചപ്പോൾ ഒരു മിസൈൽ രാജ്യത്തിന്‍റെ പരിധിക്കുള്ളിൽ വീണു

കൂടാതെ, ഇറാന്‍റെ 812 ഡ്രോണുകൾ കണ്ടെത്തി, അവയിൽ 755 എണ്ണം തകർത്തു, 57 എണ്ണം രാജ്യത്തിന്‍റെ പരിധിക്കുള്ളിൽ പതിച്ചു. ഇതിനുപുറമെ, 8 ക്രൂയിസ് മിസൈലുകൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേർ കൊല്ലപ്പെട്ടു. അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം, എമിറാത്തികൾ ഉൾപ്പെടെ ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യമൻ, ഉഗാണ്ട, എറിട്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 68 പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

ശക്തമായ തിരിച്ചടിക്ക് യുഎഇ

ഇറാന്‍റെ ഈ നടപടി രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് യുഎഇ ശക്തമായി അപലപിച്ചു. ഇതിന് ഉചിതമായ രീതിയിൽ തിരിച്ചടി നൽകാൻ രാജ്യത്തിന് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തകർക്കുന്നതിന്‍റെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. യുഎഇ വ്യോമസേനയും പ്രതിരോധ വിഭാഗവും അതീവ ജാഗ്രതയിലാണ്. പൗരന്മാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്കിടെ പ്രവാസികൾക്ക് കൈത്താങ്ങായി ഖത്തർ; പുതിയ പ്രഖ്യാപനം, എല്ലാ എൻട്രി വിസകളുടേയും കാലാവധി സൗജന്യമായി നീട്ടി
അനിശ്ചിതത്വം അവസാനിക്കുന്നില്ല, ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ