ഇനി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു എ ഇയുടേത്; ഇന്ത്യയുടെ പുതിയ റാങ്ക് നോക്കാം

By Web TeamFirst Published Dec 1, 2018, 11:18 PM IST
Highlights

ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കി യുഎഇ. യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 66–ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 25 രാജ്യങ്ങൾ മാത്രമാണ് വിസ ഇല്ലാതെ സന്ദർശിക്കാൻ സാധിക്കുക. 

അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‍പോര്‍ട്ടിന് പൊന്‍തിളക്കം. ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്  ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചു. 

في يومنا الوطني المجيد .. توالت إنجازاتنا .. قبل قليل صنف مؤشر passport index جواز الامارات ليكون الأول عالميا بدخوله ١٦٧ دولة حول العالم بدون تأشيرة .. العالم يفتح أبوابه لشعب الامارات.. الف مبروك للامارات.. وكل الشكر لفريق وزارة خارجيتنا الاستثنائي بقيادة أخي عبدالله بن زايد .

— HH Sheikh Mohammed (@HHShkMohd)

യുഎഇ പാസ്പോര്‍ട്ടിന്‍റെ വിസ ഫ്രീ സ്കോര്‍ 167 ആയി ഉയര്‍ന്നു. അതായത് യുഎഇ പാസ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. 54 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 31 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്പോര്‍ട്ടിന് ഇനി മുതല്‍ വിസ വേണ്ടിവരിക. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്. വീസ ഫ്രീ സ്കോര്‍ 166 ഉള്ള സിംഗപ്പൂര്‍, ജർമനി എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകൾക്കാണ് ഗ്ലോബല്‍ പാസ്പോര്‍ട്ട് പട്ടികയില്‍ രണ്ടാം സ്ഥാനം. 165 വീസ ഫ്രീ സ്കോര്‍ ഉള്ള ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ്, ഇറ്റലി, യുഎസ്, ദക്ഷിണ കൊറിയ,  തുടങ്ങി 11 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ക്ക് മൂന്നാം സ്ഥാനവും ഉണ്ട്. 

പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 66–ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 25 രാജ്യങ്ങൾ മാത്രമാണ് വിസ ഇല്ലാതെ സന്ദർശിക്കാൻ സാധിക്കുക. പട്ടികയില്‍ ചൈന 58 ഉം ശ്രീലങ്ക 84 ഉം ബംഗ്ലാദേശ് 84 ഉം സ്ഥാനത്താണ് ഉള്ളത്. പാക്കിസ്‌ഥാൻ 91-ാം സ്ഥാനത്താണ്. അഫ്ഗാനിസ്‌ഥാനാണ് ഏറ്റവും പിന്നിൽ. 29 വിസ–ഫ്രീ സ്കോർ മാത്രമാണ് അഫ്ഗാൻ നേടിയത്. വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ആർട്ടോൺ ക്യാപ്പിറ്റൽസാണ് ഗ്ലോബൽ റാങ്കിംഗ് പാസ്പോർട്ട് ഇൻഡക്സ് തയറാക്കിയിരിക്കുന്നത്.
 

click me!