
അബുദാബി: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സ്വദേശികൾക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന അദ്ദേഹം മേഖലയിലെ നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ യുഎഇക്ക് കരുത്തുണ്ടെന്ന് തന്റെ സന്ദേശത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
‘ഈദ് അൽ ഫിത്തർ വേളയിൽ എന്റെ സഹോദരങ്ങളായ എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ ഞങ്ങളുടെ കുടുംബാംഗങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ഊഷ്മളമായ ആശംസകൾ നേരുന്നു,’ ശൈഖ് മുഹമ്മദ് സന്ദേശത്തിൽ പറഞ്ഞു. മേഖല നേരിടുന്ന നിലവിലെ തടസ്സങ്ങളെ മറികടക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളുടെ ഒത്തൊരുമയും വിശ്വസ്തതയും യുഎഇയുടെ കരുത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിസന്ധികളെ മറികടന്ന് സമാധാനപരവും സമൃദ്ധവുമായ ഭാവിയിലേക്ക് യുഎഇ കുതിപ്പ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയുടെ പ്രതിരോധ ശേഷിയും ജനങ്ങളുടെ ഐക്യവുമാണ് ഈ മുന്നേറ്റത്തിന് ആധാരമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിൽ വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുകൂടി. സുരക്ഷാ കാരണങ്ങളാൽ ഇത്തവണ ഈദ്ഗാഹുകളിലോ പൊതുസ്ഥലങ്ങളിലോ പെരുന്നാൾ നമസ്കാരം അനുവദിച്ചിരുന്നില്ല. പകരം രാജ്യത്തെ പള്ളികളിൽ മാത്രമാണ് നമസ്കാരം നടന്നത്. പ്രാർത്ഥനയ്ക്ക് എത്തുന്നവർ നേരത്തെ എത്തണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam