യുഎഇയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക്

By Web TeamFirst Published Jul 11, 2021, 3:23 PM IST
Highlights

ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇളവുകളുണ്ട്. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസ ഉടമകള്‍, ഔദ്യോഗിക പ്രതിനിധി സംഘത്തില്‍പ്പെടുന്നവര്‍, മുന്‍കൂര്‍ അനുമതിയുള്ള ബിസിനസുകാര്‍, സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും.

അബുദാബി: യുഎഇയിലേക്ക് ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. 

ഇന്ന്(ജൂലൈ 11)മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇളവുകളുണ്ട്. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസ ഉടമകള്‍, ഔദ്യോഗിക പ്രതിനിധി സംഘത്തില്‍പ്പെടുന്നവര്‍, മുന്‍കൂര്‍ അനുമതിയുള്ള ബിസിനസുകാര്‍, സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും. 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും രാജ്യത്ത് പ്രവേശിച്ച് നാലാമത്തെയും എട്ടാമത്തെയും ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തുകയും വേണം.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!