വിവിധ മേഖലകളില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ; വാക്സിനെടുത്തവര്‍ക്ക് ഇളവ്

By Web TeamFirst Published Jan 19, 2021, 10:36 PM IST
Highlights

രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലെയും ജീവനക്കാരും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരും എല്ലാ ഏഴ് ദിവസത്തിലൊരിക്കലും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു. 

അബുദാബി: യുഎഇയില്‍ കൊവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നതോടെ വിവിധ മേഖലകളില്‍ നിശ്ചിത ഇടവേളകളിലുള്ള കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ തിങ്കളാഴ്‍ച അധികൃതര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലെയും ജീവനക്കാരും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരും എല്ലാ ഏഴ് ദിവസത്തിലൊരിക്കലും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു. സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടത്. ജനുവരി 24 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരല്ലാത്ത വിഭാഗങ്ങളില്‍ പെടുന്ന ജീവനക്കാരുടെ പരിശോധനാ ചെലവ് തൊഴിലുടമ വഹിക്കണമെന്നും അറിയിച്ചു.

ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി കരാറുകളുള്ള  പൊതു, സ്വകാര്യ മേഖലാ കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത് ബാധകം.

സര്‍ക്കാര്‍ ഓഫീസുകളില്‍ കണ്‍സള്‍ട്ടന്റുമാരായും വിദഗ്ധരെന്ന നിലയിലും മീറ്റിങുകളില്‍ പങ്കെടുക്കുന്നവരും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണം. യോഗത്തിന് മൂന്ന് ദിവസത്തിനിടെ നടത്തിയ കൊവിഡ് പരിശോധനാ ഫലമാണ് ഇവരുടെ കൈവശമുണ്ടാകേണ്ടത്. ഇതിന് പുറമെ അബുദാബിയിലെ ആശുപത്രികളില്‍ ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സ തേടുന്ന എല്ലാവരും 24 മണിക്കൂറിനിടെ ലഭിച്ച കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം.

അബുദാബിയിലേക്കുള്ള പ്രവേശനത്തിനും 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ അല്ലെങ്കില്‍ ഡി.പി.ഐ പരിശോധനാ ഫലം ആവശ്യമാണ്. എമിറേറ്റില്‍ തുടര്‍ന്ന് താമസിക്കുന്നവര്‍ നാലാം ദിവസവും എട്ടാം ദിവസവും വീണ്ടും പി.സി.ആര്‍ പരിശോധനകള്‍ക്ക് വിധേയമായിരിക്കണം. ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും 14 ദിവസത്തിലൊരിക്കലുള്ള കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

click me!