കൊവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി യൂണിയന്‍ കോപ്; 100 കോടി ദിര്‍ഹം നീക്കിവെച്ചു

By Web TeamFirst Published Feb 7, 2021, 10:04 PM IST
Highlights

കൂടുതല്‍ വില കൊടുത്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഇവ മഹാമാരിക്കാലത്തിന് മുമ്പുണ്ടായിരുന്ന വിലയില്‍ വില്‍പ്പന നടത്തിയാണ് യൂണിയന്‍ കോപ് വിലനിലവാരം അതേ രീതിയില്‍ തന്നെ നിലനിര്‍ത്തിയത്. ഇതിന് പുറമെ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും വാണിജ്യ കേന്ദ്രങ്ങളിലും അടിസ്ഥാന ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ ഓഫറുകളും പ്രൊമോഷനുകളും നല്‍കിയിരുന്നു.

ദുബൈ: ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കും പുതിയ നിമയങ്ങള്‍ക്കുമാണ് കൊവിഡ് മഹാമാരിയുടെ വരവോടെ ലോകം സാക്ഷ്യം വഹിച്ചത്. ഇത് ഒന്നൊഴിയാതെ എല്ലാ മേഖലകളെയും ബാധിച്ചു. സമൂഹത്തിന്റെ സംസ്‌കാരത്തിനും പെരുമാറ്റ രീതികള്‍ക്കും വരെ വളരെ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. മഹാമാരിയുടെ വ്യാപനം രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുകയും അതിജീവനത്തിനായി പദ്ധതികള്‍ പരിഷ്‌കരിക്കേണ്ടി വരികയും ചെയ്തു. കൊവിഡ് മഹാമാരിയുടെ ആദ്യ ദിനം മുതല്‍ സ്ഥാപനത്തിന്റെ അതിജീവനത്തിന് പുറമെ സമൂഹത്തിന്റെയും സാമ്പത്തിക മേഖലയുടെയും സുരക്ഷയ്ക്കായി നിലകൊള്ളുക എന്ന ഉത്തരവാദിത്തം കൂടി യൂണിയന്‍ കോപ് നിര്‍വഹിച്ചുവരികയാണ്.

മഹാമാരിയുടെ തുടക്കം മുതല്‍, പ്രാദേശിക, ആഗോള വിപണികളില്‍ തന്ത്രപ്രധാനമായ പദ്ധതികള്‍ ഏകീകരിക്കുന്നതിന് എല്ലാ ശ്രമങ്ങളും യൂണിയന്‍ കോപ് നടത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട അധികൃതര്‍ക്ക് വേണ്ട എല്ലാ പിന്തുണയും യൂണിയന്‍ കോപ് നല്‍കി. 400 മില്യന്‍ ദിര്‍ഹത്തിന്റെ കരാറില്‍ യൂണിയന്‍ കോപ് ഒപ്പുവെച്ചിരുന്നു. 4 കോടി ദിര്‍ഹമാണ് ഉല്‍പ്പന്നങ്ങളുടെ വിലനിലവാരത്തിനായി നീക്കിവെച്ചത്. കൂടുതല്‍ വില കൊടുത്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഇവ മഹാമാരിക്കാലത്തിന് മുമ്പുണ്ടായിരുന്ന വിലയില്‍ വില്‍പ്പന നടത്തിയാണ് യൂണിയന്‍ കോപ് വിലനിലവാരം അതേ രീതിയില്‍ തന്നെ നിലനിര്‍ത്തിയത്. ഇതിന് പുറമെ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും വാണിജ്യ കേന്ദ്രങ്ങളിലും അടിസ്ഥാന ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ ഓഫറുകളും പ്രൊമോഷനുകളും നല്‍കിയിരുന്നു. ഇതിനായി 1.2 കോടി ദിര്‍ഹമാണ് നീക്കിവെച്ചത്. 2.8 കോടി ദിര്‍ഹം നിക്ഷേപകര്‍ക്ക് പിന്തുണ നല്‍കാനായി യൂണിയന്‍ കോപ് മാറ്റിവെച്ചിരുന്നു.

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ജീവനക്കാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് യൂണിയന്‍ കോപ് പ്രവര്‍ത്തിച്ചത്. എല്ലാ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കി കൊണ്ട് വേണ്ട പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചായിരുന്നു യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനം. ഓഫീസുകളും ജീവനക്കാരുടെ താമസസ്ഥലങ്ങളും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുകയും ജീവനക്കാര്‍ക്ക് മാസ്‌കും ഗ്ലൗസും കൃത്യമായ ഇടവേളകളില്‍ സൗജന്യമായി നല്‍കുകയും ചെയ്തു. ഇത് കൂടാതെ സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തത്തോട് കൂടി നിരവധി ബോധവത്കരണ ക്യാമ്പയിനുകളും യൂണിയന്‍ കോപ് സംഘടിപ്പിച്ചു. എല്ലാ ശാഖകളിലെയും ഉല്‍പ്പന്നങ്ങള്‍, വെയര്‍ഹൗസുകള്‍, ഷോപ്പിങ് കാര്‍ട്ടുകള്‍, ഓഫീസുകള്‍, ജീവനക്കാരുടെ താമസസ്ഥലങ്ങള്‍, വിതരണ, ഡെലിവറി വാഹനങ്ങള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനായി പ്രത്യേക ക്യാമ്പയിന്‍ നടത്തുകയും ഉപഭോക്താക്കള്‍ക്ക് സൗജന്യ ഗ്ലൗസുകളും മറ്റും നല്‍കുകയും ചെയ്തിരുന്നു.

കൊവിഡ് മഹാമാരിക്കാലത്ത് ഉല്‍പ്പന്നങ്ങളുടെ വിലനിലവാരം സ്ഥിരമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി വിലക്കിഴിവ് നല്‍കുന്ന 101 ക്യാമ്പയിനുകളാണ് 2020 അവസാനം വരെ യൂണിയന്‍ കോപ് സംഘടിപ്പിച്ചത്. ഇതില്‍ 90 ശതമാനം വരെ വിലക്കുറവ് നല്‍കി. റമദാന്‍ മാസത്തില്‍ തുടര്‍ച്ചയായ അഞ്ച് ക്യാമ്പയിനുകളിലൂടെ 25,000ത്തിലധികം ഭക്ഷ്യ, അടിസ്ഥാന ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കാനായി 150 മില്യന്‍ ദിര്‍ഹമാണ് വകയിരുത്തിയത്. സമൂഹവും സാമ്പത്തിക മേഖലയും ഒന്നാണെന്ന വിശ്വാസത്തിലൂന്നിയാണ് യൂണിയന്‍ കോപ് പ്രവര്‍ത്തിക്കുന്നത്. 

മഹാമാരിക്കാലത്ത് യൂണിയന്‍ കോപ്, ഉല്‍പ്പന്നങ്ങളുടെ സംഭരണത്തില്‍ സ്ഥിരത ഉറപ്പാക്കുന്നതിനായി 100 കോടി ദിര്‍ഹമാണ് നീക്കിവെച്ചത്. ഇതിലൂടെ നാല് മാസത്തോളം ദുബൈ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായി. ഇതിലൂടെ ദുബൈ വിപണിയുടെ അടുത്തുള്ള മറ്റ് വിപണികളിലേക്കും ഉല്‍പ്പന്നങ്ങളെത്തി. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ,ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ  സംഭരണശാലകളിലൊന്നാണ് യൂണിയന്‍ കോപിന്റേത്. 424,442 ചതുരശ്ര അടിയിലാണ് അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ സംഭരണശാലയും സ്റ്റോറുകളും സ്ഥിതി ചെയ്യുന്നത്. ഉല്‍പ്പന്നങ്ങളും ചരക്കുകളും സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഉല്‍പ്പന്നങ്ങളുടെ സംഭരണം ഉറപ്പാക്കാനും വിപണിയിലെ വിലനിലവാരവും നിലനിര്‍ത്താനും യൂണിയന്‍ കോപ് പരിശ്രമങ്ങള്‍ തുടരുകയാണ്. പ്രതിസന്ധികള്‍ വരുമ്പോള്‍ അവസരങ്ങള്‍ കൂടിയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന വിശ്വാസത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കോപ്, സേവനങ്ങളുടെയും ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെയും ഉള്‍പ്പെടെ നിലവാരം ഉയര്‍ത്തിക്കൊണ്ട് ഇ കൊമേഴ്‌സ് മേഖലയ്ക്ക് പിന്തുണയേകുകയാണ് ഈ മഹാമാരിക്കാലത്തും.  

click me!