റമദാനില്‍ 75 ശതമാനം വരെ വിലക്കുറവ്; ഓഫറുകള്‍ക്കായി 175 ദശലക്ഷം ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍കോപ്

By Web TeamFirst Published Mar 31, 2021, 11:07 PM IST
Highlights

യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവായ യൂണിയന്‍കോപ് പുണ്യമാസമായ റമദാനില്‍ 30,000ല്‍ അധികം ഉത്പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കാനായി 175 ദശലക്ഷം ദിര്‍ഹമാണ് നീക്കിവെച്ചിരിക്കുന്നത്.

ദുബൈ: ആകര്‍ഷകമായ ഡിസ്‍കൗണ്ടുകളിലൂടെയും പ്രൊമോഷണല്‍ ക്യാമ്പയിനുകളിലൂടെയും സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പ്രവൃത്തികളിലൂടെയും പുണ്യമാസമായ റമദാനെ വരവേല്‍ക്കുന്ന പാരമ്പര്യം ഇത്തവണയും നിലനിര്‍ത്തിയിരിക്കുകയാണ് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. 30,000ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് എഴുപത് ശതമാനം വരെ വിലക്കുറവ് നല്‍കുമെന്നാണ് ഇത്തവണത്തെ അറിയിപ്പ്. റമദാനിലെ നിരവധി ആനുകൂല്യങ്ങള്‍ക്കായി 175 ദശലക്ഷം ദിര്‍ഹമാണ് യൂണിയന്‍കോപ് നീക്കിവെച്ചിട്ടുള്ളത്.

ബുധനാഴ്‍ച ദുബൈയിലെ യൂണിയന്‍ കോപിന്റെ അല്‍ വര്‍ഖ സിറ്റി മാളില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനങ്ങളുണ്ടായത്. യൂണിയന്‍കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി, മാര്‍ക്കറ്റിങ് ആന്റ് ഹാപ്പിനസ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി എന്നിവര്‍ക്ക് പുറമെ ഏതാനും ഉദ്യോഗസ്ഥരും മാധ്യമ പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സമൂഹത്തില്‍ സന്തോഷം പടര്‍ത്തുകയെന്ന തങ്ങളുടെ പ്രധാന ലക്ഷ്യത്തിന് അനുഗുണമാകുന്ന പദ്ധതികളാണ് റമദാനില്‍ വരാനിരിക്കുന്ന എല്ലാ പ്രൊമോഷനുകളുമെന്ന് യൂണിയന്‍കോപ് അധികൃതര്‍ പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനുള്ള യൂണിയന്‍ കോപിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. ഭക്ഷ്യ വസ്‍തുക്കള്‍, അരി, മാംസം,  പൗള്‍ട്രി, കാന്‍ഡ് ഫുഡ്, പഴങ്ങള്‍, പച്ചക്കറികള്‍, റമദാന്‍ പ്രത്യേക ഉത്പന്നങ്ങള്‍ എന്നിവയ്ക്കും മറ്റ് സാധനങ്ങള്‍ക്കും ഓഫറുകള്‍ ലഭ്യമാവും.

ആറ് ഘട്ടങ്ങളിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍
ആറ് ഘട്ടങ്ങളായുള്ള പ്രൊമോഷണല്‍ ക്യാമ്പയിനുകളാണ് റമദാനിലേക്ക് തങ്ങള്‍ തയ്യാറാക്കുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി 30,000ല്‍ അധികം സാധനങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവായിരിക്കും ലഭിക്കുക. രാജ്യത്തെ ജനസംഖ്യയിലെ വൈവിദ്ധ്യം കണക്കിലെടുത്ത് എല്ലാവരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ പലതരം സാധനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തടസങ്ങളില്ലാത്ത ഷോപ്പിങ് അനുഭവം 24 മണിക്കൂറും
സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി തടസമില്ലാത്ത ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ 24 മണിക്കൂറും വിതരണക്കാരില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. ഒപ്പം അധിക സ്റ്റോക്ക് സംഭരിക്കാനുള്ള സജ്ജീകരണങ്ങളുമായി. സാധനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിന് സ്റ്റോക്കുകള്‍ പ്രീ ബുക്ക് ചെയ്യുന്ന കാര്യവും പരിഗണിക്കുകയാണ്.

റമദാനിലെ പ്രത്യേക സജ്ജീകരണങ്ങളുടെ ഭാഗമായി ഉമ്മു സുഖൈം, അല്‍ വസ്‍ല്‍, അല്‍ വര്‍ഖ എന്നിവിടങ്ങളിലെ യൂണിയന്‍കോപ് സ്റ്റോറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. തിരക്കോ നീണ്ട ക്യൂവോ ഇല്ലാതെ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിച്ചുകൊണ്ട് റമദാനില്‍ ഏത് സമയവും സൗകര്യാനുസരണം ഷോപ്പ് ചെയ്യാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.

click me!