സ്വദേശിവത്കരണത്തിനായി 15.5 മില്യന്‍ ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

By Web TeamFirst Published Feb 8, 2021, 1:37 PM IST
Highlights

ഈ വര്‍ഷം 45 ശതമാനം സ്വദേശിവത്കരണം എന്ന ലക്ഷ്യം നേടാനാണ് യൂണിയന്‍ കോപിന്റെ പദ്ധതി.

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് 2020ഓടെ 36 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. 2019നെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് സ്വദേശിവത്കരണ തോതിലുണ്ടായ വര്‍ദ്ധനവ്. യൂണിയന്‍ കോപില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരായ ജീവനക്കാരുടെ എണ്ണം 2020ല്‍ 434 ആയി. സ്വദേശിവത്കരണം സാധ്യമാവുന്ന വിവിധ തസ്‍തികകളില്‍ 1210 പ്രവാസികളാണുണ്ടായിരുന്നത്.

2021ല്‍ 40 മുതല്‍ 45 ശതമാനം വരെ സ്വദേശിവത്കരണം സാധ്യമാക്കുന്നതിനായി 15.5 മില്യന്‍ ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നതെന്ന് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. നിക്ഷേപം മനുഷ്യമനസുകളില്‍  നടത്താനും പുരോഗതിയിലും വിജയത്തിലും യുഎഇ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള പിന്തുണ നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. യോഗ്യതയും പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക വഴി യുഎഇ പൗരന്മാരുടെ തൊഴില്‍ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കുകയും യൂണിയന്‍ കോപിലൂടെ സ്വകാര്യ മേഖലയില്‍ അവര്‍ക്ക് ആകര്‍ഷകമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാനും അതിന് മുന്നിലുള്ള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് അധകൃതര്‍ക്ക് പിന്തുണ നല്‍കാനും സ്വകാര്യ മേഖല എല്ലാ പരിശ്രമവും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയില്‍ പൊതുവിലും കണ്‍സ്യൂമര്‍ കോഒപ്പറേറ്റീവുകള്‍ വിശേഷിച്ചും നേരിടുന്ന സാമ്പത്തികപരമായ എല്ലാ വെല്ലുവിളികള്‍ക്കിടയിലും സമൂഹത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്നതിലേക്കുള്ള ദേശീയ ഉത്തരവാദിത്തമെന്ന നിലയിലാണ് യൂണിയന്‍ കോപ് സ്വദേശിവത്കരണത്തെ കാണുന്നതെന്ന് സിഇഒ പറഞ്ഞു. സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. കോഓപ്പറേറ്റീവ് മേഖലയില്‍, രാജ്യത്തെ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവുകളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പഴയ കോഓപ്പറേറ്റീവ് നിയമത്തിന് കീഴിലാണ്. അതുകൊണ്ടുതന്നെ ഒരു ദേശീയ സ്ഥാപനമായി പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വ്യവസ്ഥ പടുത്തുയര്‍ത്തുന്നതില്‍ മതിയായ സംഭാവനകള്‍ നല്‍കാനുമുള്ള അവസരങ്ങള്‍ പരിമിതമാണ്. അതുപോലെതന്നെ ജനറല്‍ പെന്‍ഷന്‍ ആന്റ് സോഷ്യല്‍ സെക്യൂരിറ്റി അതോരിറ്റി, അതിന്റെ സംവിധാനങ്ങളും ചട്ടങ്ങളും പുനഃപരിശോധിച്ച് പൊതു-സ്വകാര്യ മേഖലകള്‍ക്കിടയില്‍ സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. അതിലൂടെ സ്വകാര്യ മേഖലക്ക് സ്വദേശി വത്കരണം വര്‍ദ്ധിപ്പിക്കാനാവും. പെന്‍ഷന്‍ അതോരിറ്റിയുടെ സംവിധാനങ്ങളും ചട്ടങ്ങളുമാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സ്വദേശികളെ പിന്നോട്ട് വലിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്".

യൂണിയന്‍ കോപില്‍ സ്വദേശിവത്കരണം സാധ്യമാവുന്ന വ്യത്യസ്ഥ തസ്‍തികളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്നും സിഇഒ പറഞ്ഞു. സ്വകാര്യ മേഖലയിലെ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്വദേശിവത്കരണ നിരക്ക് യൂണിയന്‍ കോപ് സാധ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

click me!