യുഎഇയും ബഹ്‌റൈനുമായി ബന്ധം ശക്തമാക്കി അമേരിക്ക; സുരക്ഷാ പങ്കാളികളായി പ്രഖ്യാപിച്ചു

By Web TeamFirst Published Jan 17, 2021, 5:30 PM IST
Highlights

യുഎസിന്റെ പ്രധാനപ്പെട്ട സുരക്ഷാ പങ്കാളികളായി യുഎഇയെയും ബഹ്‌റൈനെയും നിയമിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലേ മക്‌നാനി വെള്ളിയാഴ്ച അറിയിച്ചു.

വാഷിങ്ടണ്‍: യുഎഇയെയും ബഹ്‌റൈനെയും സുപ്രധാന സുരക്ഷാ പങ്കാളികളായി പ്രഖ്യാപിച്ച് യുഎസ്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ക്കിടെയാണ് വൈറ്റ് ഹൗസ് പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തിയത്.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെ മക്‌നാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎസിന്റെ പ്രധാനപ്പെട്ട സുരക്ഷാ പങ്കാളികളായി യുഎഇയെയും ബഹ്‌റൈനെയും നിയമിക്കുന്നതായി മക്‌നാനി വെള്ളിയാഴ്ച അറിയിച്ചു. ആയിരക്കണക്കിന് യുഎസ് സൈനികര്‍ക്കും നാവികര്‍ക്കും വ്യോമസേനാംഗങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിലൂടെയും അക്രമ, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതില്‍ പുലര്‍ത്തുന്ന സമര്‍പ്പണത്തിലൂടെയും, സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ മൂന്ന് രാജ്യങ്ങളുടെയും സവിശേഷ പങ്കാളിത്തമാണ് വ്യക്തമാകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ യുഎഇയും ബഹ്‌റൈനും യുഎസിന്റെ നേതൃത്വത്തിലുള്ള നിരവധി ഏകീകരണ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഈ തീരുമാനത്തോട് കൂടി പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. ഇത് സാമ്പത്തിക, സുരക്ഷാ മേഖലകളില്‍ സഹകരണം ഉറപ്പാക്കാനുള്ള സമര്‍പ്പണത്തെ പ്രതിനിധീകരിക്കുന്നെന്നും അബ്രഹാം അക്കോര്‍ഡില്‍ ഒപ്പുവെച്ചതിലൂടെ ഈ രാജ്യങ്ങള്‍ പ്രകടിപ്പിച്ച ധൈര്യവും നിശ്ചയദാര്‍ഢ്യവും നേതൃപാടവവും പ്രകടമായെന്നും മക്നാനി കൂട്ടിച്ചേര്‍ത്തു.

(ചിത്രം- ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ സയാനി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിന്‍ സായിദ്, എന്നിവര്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അബ്രഹാം അക്കോര്‍ഡില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍)
 

click me!