
ദുബൈ: സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് ഹംദാന്റെ സഹജീവികളോടുള്ള കരുതലും നിരവധി തവണ സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസ നേടിയിട്ടുണ്ട്. കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ ഒരു നിമിഷം പോലും ആലോചിക്കാതെ പാഞ്ഞെത്തി രക്ഷിക്കുന്ന ശൈഖ് ഹംദാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വാട്ടര്‍ ജെറ്റില്‍ ആഭ്യാസപ്രകടനം നടത്തുന്നതിനിടെ സ്‌കൈ ഡൈവറും സാഹസികനുമായ നാസര്‍ അല്‍ നെയാദി അപകടത്തില്‍പ്പെടുകയായിരുന്നു. വാട്ടര്‍ ജെറ്റ് പാക്കിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെ വാട്ടര്‍ജെറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സുഹൃത്ത് അപകടത്തില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ശൈഖ് ഹംദാനും മറ്റ് സുഹൃത്തുക്കളും ഓടിയെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു.
വെള്ളത്തില്‍ ശക്തിയായി കുതിച്ച വാട്ടര്‍ജെറ്റിനെ ഇവര്‍ പിടിച്ചുനിര്‍ത്തി. അപകടത്തില്‍പ്പെട്ട നെയാദിയെ ശൈഖ് ഹംദാന്‍ ആശ്ലേഷിക്കുന്നതും ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഫസ എന്നാല്‍ ശൈഖ് ഹംദാന്റെ വിളിപ്പേര്. സഹായിക്കാന്‍ ഓടിയെത്തുന്നവന്‍ എന്ന് അര്‍ത്ഥമുള്ള പേര് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ദുബൈ കിരീടാവകാശി. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ശൈഖ് ഹംദാനെ അഭിനന്ദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam