
അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയിലും (UAE) കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്‍ച മുതല്‍ യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Center of Meteorology) അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷം മുതല്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് കാരണമായി കാലാവസ്ഥാ മാറ്റമുണ്ടാകും. അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് പ്രതീക്ഷിക്കപ്പെടുന്നത്. ഒപ്പം രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ചില മദ്ധ്യമേഖലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. ഈ പ്രദേശങ്ങളില്‍ വിവിധ തീവ്രതയിലുള്ള മഴ പെയ്യും. ഇത് താഴ്‍ന്ന പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി വെള്ളക്കെട്ട് രൂപപ്പെടാനും കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത ദൂരക്കാഴ്‍ചയെ ബാധിക്കും. ഒമാന്‍ കടല്‍ പൊതുവെ പ്രക്ഷുബ്‍ധമായിരിക്കും. കിഴക്കന്‍ മേഖലയിലെ താഴ്‍ന്ന പ്രദേശങ്ങളില്‍ കടല്‍വെള്ളം കയറാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ പൊതുവേ കടലുകള്‍ പ്രക്ഷുബ്ധമായിരിക്കും. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സദാസമയവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ കാലാവസ്ഥാ ബുള്ളറ്റിനുകളും അറിയിപ്പുകളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam