
അബുദാബി: വാട്‍സ്ആപ് സന്ദേശങ്ങളിലൂടെ ഭാര്യയെ അവഹേളിച്ച സ്വദേശി യുവാവിന് യുഎഇ കോടതി ജയില്‍ ശിക്ഷ വിധിച്ചു. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ ഫോണിലേക്ക് അധിക്ഷേപിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചത്. ഭാര്യ കോടതിയെ സമീപിച്ചതോടെ ഭര്‍ത്താവിന് രണ്ടുമാസം ജയില്‍ശിക്ഷ വിധിച്ചു. എന്നാല്‍ വിധിക്കെതിരെ അബുദാബി അപ്പീല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഭര്‍ത്താവ്.
ഭര്‍ത്താവുമായി തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും എന്നാല്‍ അത് രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കാതെ വാട്സ്ആപിലൂടെ അസഭ്യവര്‍ഷം നടത്തുകയായിരുന്നുവെന്നുമാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. നിരവധി തവണ വാട്‍സ്ആപിലൂടെ സഭ്യമല്ലാത്ത സന്ദേശങ്ങളയച്ചു. ഇത് തടയാന്‍ താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി ആരോപിച്ചു.
ഭാര്യയെ അവഹേളിച്ചതിനും ഓണ്‍ലൈന്‍ നിയമലംഘനത്തിനുമാണ് ഭര്‍ത്താവിനെതിരെ കേസെടുത്തിരുന്നത്. വിചാരണ നടത്തിയ അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി രണ്ട് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. വാസ്തവവിരുദ്ധമായ കുറ്റങ്ങളാണ് തനിക്കെതിരെ ചുമത്തപ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞു. കുടുംബ വഴക്കിന്റെ ഭാഗമായി ഭാര്യ തനിക്കെതിരെ മോശമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കുട്ടികളെ ഒപ്പം വിട്ടുകിട്ടാനാണ് ഈ നീക്കമെന്നും അപ്പീലില്‍ പറയുന്നു.
എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കോടതിക്ക് പുറത്തുവെച്ച് രമ്യമായി പരിഹരിക്കാന്‍ അപ്പീല്‍ കോടതി ജഡ്ജി നിര്‍ദേശിച്ചു. ഇതിന് സമയം നല്‍കുന്നതിനായി കേസ് സെപ്തംബര്‍ 15ലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam