യുഎഇയില്‍ വാടക കരാറിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനെ വിദേശ യുവതി കുടുക്കി

By Web TeamFirst Published Feb 8, 2019, 3:11 PM IST
Highlights

ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാന്‍ വന്ന യുവതിയെ, ഉടമയെന്ന് വിശ്വസിപ്പിച്ച് വ്യാജ കരാറുണ്ടാക്കി പണം തട്ടാനായിരുന്നു പദ്ധതി. ഉടമാസ്ഥാവകാശം ഉണ്ടെന്ന് ധരിപ്പിക്കാന്‍ വ്യാജ രേഖകളും ഇയാള്‍ തയ്യാറാക്കിയിരുന്നു. 

ദുബായ്: വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ക്കെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. സിറിയക്കാരിയെ കബളിപ്പിച്ച് 60,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ച കേസില്‍ 36കാരനായ ഇന്ത്യന്‍ പൗരനാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പൊലീസിനെക്കണ്ട് ഓടി രക്ഷപെട്ടു.

ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാന്‍ വന്ന യുവതിയെ, ഉടമയെന്ന് വിശ്വസിപ്പിച്ച് വ്യാജ കരാറുണ്ടാക്കി പണം തട്ടാനായിരുന്നു പദ്ധതി. ഉടമാസ്ഥാവകാശം ഉണ്ടെന്ന് ധരിപ്പിക്കാന്‍ വ്യാജ രേഖകളും ഇയാള്‍ തയ്യാറാക്കിയിരുന്നു. 27കാരിയായ യുവതി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിനെയാണ് ആദ്യം സമീപിച്ചത്. ഇയാള്‍ ഒരു ഫ്ലാറ്റ് കാണിച്ചുകൊടുക്കുകയും 60,000 ദിര്‍ഹം വാടകയെന്ന് നിജപ്പെടുത്തുകയും ചെയ്തു.  തുടര്‍ന്ന് ഉടമയെന്ന പേരില്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തുകയായിരുന്നു. ശൈഖ് സായിദ് റോഡിലെ ഒരു കഫേയില്‍ വെച്ച് വാടക കരാര്‍ ഒപ്പുവെയ്ക്കാമെന്നും ഇവര്‍ പറഞ്ഞു.

ഒപ്പുവെയ്ക്കാനായി സ്ഥലത്തെത്തിയപ്പോള്‍ പാസ്‍പോര്‍ട്ടിന്റെ പകര്‍പ്പും ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റ് രേഖകളും കൈമാറി. എന്നാല്‍ ഈ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ പരിശോധിച്ച യുവതി, ഇവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ പൊലീസിനെ അറിയിച്ചു. സംസാരം തുടരുന്നതിനിടെ പൊലീസ് വാഹനം വന്നത് കണ്ട് ഏജന്റ് ഓടി രക്ഷപെട്ടു. ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരും ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ ഫെബ്രുവരി 21ന് കോടതി ശിക്ഷ വിധിക്കും.

click me!