
ഫുജൈറ: ഭര്‍ത്താവ് ആറ് മാസമായി കോമയിലായതിന് കാരണം ഭാര്യ കൂടോത്രം ചെയ്തതാണെന്ന് ആരോപണം. തുടര്‍ന്ന് മകന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത ഭാര്യയെ കീഴ്കോടതി ശിക്ഷിച്ചെങ്കിലും തെളിവില്ലെന്ന് കണ്ട് അപ്പീല്‍ കോടതി പിന്നീട് വെറുതെ വിടുകയായിരുന്നു. യുഎഇയിലെ ഫുജൈറയിലാണ് സംഭവം.
പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തന്റെ പിതാവ് പെട്ടെന്ന് കോമയില്‍ ആയെന്നാണ് മകന്‍ കോടതിയില്‍ ആരോപിച്ചത്. ആറ് മാസത്തോളം കഴിഞ്ഞപ്പോള്‍ പിതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള ചില കാര്യങ്ങള്‍ക്കായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് അതിനിടയില്‍ നിന്ന് ചില കടലാസുകള്‍ ശ്രദ്ധയില്‍ പെട്ടത്. പ്രത്യേക തരത്തിലുള്ള അക്ഷരങ്ങളും വരകളുമുള്ള ഇത് കൂടോത്രം ചെയ്തതാണെന്ന് ആരോപിച്ച് അദ്ദേഹം ഫുജൈറ പൊലീസില്‍ പരാതി നല്‍കി.
പരാതിയിന്മേല്‍ പൊലീസ് അന്വേഷണം ഭാര്യയിലാണ് ചെന്നവസാനിച്ചത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോപണം നിഷേധിച്ച ഭാര്യ പ്രോസിക്യൂഷന് മുന്‍പില്‍ കുറ്റം നിഷേധിച്ചു. തന്റെ ഭര്‍ത്താവിനെതിരെ ഇത്തരത്തില്‍ പേപ്പറുകളിലെഴുതി എന്തെങ്കിലും ചെയ്യേണ്ട കാര്യം തനിക്കില്ലെന്ന് ഇവര്‍ വാദിച്ചു. എന്നാല്‍ കേസ് ഫുജൈറ പ്രാഥമിക കോടതിയിലെത്തിയപ്പോള്‍ ഇവര്‍ കുറ്റകാരിയാണെന്ന് കണ്ടെത്തുകയും 10,000 ദിര്‍ഹം പിഴയടയ്ക്കാന്‍ ശിക്ഷ വിധിക്കുകയുമായിരുന്നു.
കോടതി വിധിക്കെതിരെ ഭാര്യ ഫുജൈറ ക്രിമിനല്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. കുറ്റം തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് പറഞ്ഞ് കോടതി ഇവരെ കഴിഞ്ഞ ദിവസം കുറ്റവിമുക്തയാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam